:ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ചൈനയുടെ ശക്തിമേൽക്കോയ്മയ്ക്ക് കോട്ടംതട്ടുന്നുവോയെന്ന അവരുടെ സംശയമാകാം നിയന്ത്രണരേഖയിലെ സംഘർഷങ്ങൾക്കു പ്രധാന കാരണം. ചൈനയുടെ ചരിത്രം പരിശോധിച്ചാൽ മറ്റുപലതും മറയ്ക്കാൻ ഇത്തരത്തിലുള്ള ബോധപൂർവ സംഘർഷങ്ങൾക്ക് അവർ മുതിർന്നിട്ടുണ്ട്.

ഇന്ത്യ-ചൈന അതിർത്തിയിലെ പാംഗോങ് സോ-യിൽ ഒരുവർഷം ജോലിചെയ്തപ്പോഴും ഇരു രാജ്യങ്ങളുടെയും സൈനികർ തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ട്. എന്നാൽ, 45 വർഷങ്ങൾക്കുശേഷം സൈനികർ മരിക്കുന്ന സാഹചര്യമുണ്ടായെങ്കിൽ അത് ഗൗരവമുള്ളതാകാം.

മഞ്ഞുറയാത്ത ഈ തണുത്ത മരുഭൂമിയിൽ ഏപ്രിൽ-മേയ് മാസങ്ങൾ ഇരുരാജ്യങ്ങളുടെ സൈന്യത്തിനും പരിശീലന സമയമാണ്. ചൈനയുടെ കോവിഡ് ബാധ ജനുവരിയിൽത്തന്നെ മൂർധന്യത്തിലെത്തുകയും പിന്നീട് കുറയുകയും ചെയ്തതോടെ അവർ പടിഞ്ഞാറൻ ചൈനയിൽ പതിവുപോലെ പരിശീലനമാരംഭിച്ചിരുന്നു. സൈനികർക്കിടയിൽ കോവിഡ് പടരാതിരിക്കാൻ നാം ശ്രദ്ധിച്ചതിനാൽ നമ്മുടെ പരിശീലനം വൈകി. ഇത് അവർക്ക് മേഖലയിൽ കുറച്ചു മുൻതൂക്കം നൽകിയിയിരിക്കാം.

മേഖലയുടെ പ്രാധാന്യം

കാറക്കോറം അതിർത്തിക്കു സമീപത്തെ ദൗലത്ത്ബാഗ് ഓൾഡിക്കും ചൈനയുടെ കിസിൽ ജിൽഗയ്ക്കും തൊട്ടടുത്തുവരുന്ന പ്രദേശമാണ് ഇപ്പോൾ സംഘർഷമുണ്ടായ സ്ഥലം. ചൈനയ്ക്ക് അവരുടെ പോസ്റ്റുകൾക്കു സമീപംവരെ റോഡുണ്ട്. ഇന്ത്യയ്ക്ക് പ്രധാന റോഡുണ്ടെങ്കിലും മറ്റു പോസ്റ്റുകൾക്കടുത്തുവരെ പലയിടത്തും ആയിവരുന്നതേയുള്ളൂ. ലഡാക്കിലൂടെയാണ് സിന്ധുനദിയും പോഷകനദിയായ ഷൗക്കും സമാന്തരമായി ഒഴുകുന്നത്.

സിയാച്ചിലിന്റെ താഴ്‌വാരത്തു നദികൾ ഒന്നാകുന്നു. ഈ നദിക്കപ്പുറത്താണ് ഗാൽവൻ വാലി. മുമ്പുതന്നെ ചൈനയ്ക്ക് ഈ പ്രദേശത്തേക്കെത്താൻ റോഡുണ്ട്. ദൗലത്ത്ബാഗ് ഓൾഡിയിലേക്ക് പോകാൻ ഇന്ത്യയ്ക്കും ഇപ്പോൾ റോഡുണ്ട്. ഇത് ചൈനയുടെ പ്രകോപനത്തിനു കാരണമാകുന്നുവെന്നാണു കരുതേണ്ടത്. അതുകൊണ്ടാണ് ഈ പ്രദേശം തന്ത്രപ്രധാന മേഖലയാകുന്നത്.

ഭൂപ്രകൃതി

ഹിമാലയത്തിനപ്പുറമുള്ള ഈ പ്രദേശം പീഠഭൂമിയാണ്. ഇവിടെ മഞ്ഞുവീഴ്ചയുണ്ടാകില്ലെങ്കിലും തണുത്ത പ്രദേശമാണ്. ചൈനയുടെ പടിഞ്ഞാറെ അറ്റത്തുള്ള, പാകിസ്താൻ, അഫ്ഗാനിസ്താൻ, മധ്യേഷ്യൻ രാജ്യങ്ങൾ ഉൾപ്പെടുന്ന ഈ അതിർത്തിമേഖല അവർ തന്ത്രപ്രധാന മേഖലയായാണു കാണുന്നത്. ഷിങ് ജിയാങ് (ചൈനീസ് ഭാഷയിൽ പുതിയ അതിർത്തി മേഖല) എന്നത് മാവോയുടെ കാലംമുതൽ ചൈന ലക്ഷ്യംവെച്ചിരുന്നു. 1957-ലെ അക്‌സാചിൻ യുദ്ധത്തിനു പിന്നിലും ഇതായിരുന്നു. ടിബറ്റും ഷിങ്‌യാനും അതിർത്തിയാകുന്ന പ്രദേശമാണ് അക്‌സാചിൻ. അതുകൊണ്ടുതന്നെ ഈ മേഖലകൾ ചൈന എന്നും തന്ത്രപ്രധാനമായാണു കണ്ടിരുന്നതും. ഗാൽവൻ വാലിയും പാംഗോങ്ങിലുമൊക്കെയെത്താൻ ഇന്ത്യയെക്കാൾ എളുപ്പമാണ് ചൈനയ്ക്ക്.

കാരണങ്ങൾ

ഇന്ത്യയുമായി താരതമ്യംചെയ്യുമ്പോൾ അവരുടെ ശക്തിക്കൂടുതലിന് കുറവുണ്ടായോയെന്ന സംശയം പ്രകോപനങ്ങൾക്കു വഴിവെച്ചേക്കാം. കോവിഡിനെ മറയ്ക്കാനുള്ള തന്ത്രമായും കരുതാം. 1962-ൽ മാവോയുടെ കാലത്ത് നടന്ന ഗ്രേറ്റ് ലീപിനു പിന്നിൽ ചൈനയിലെ ക്ഷാമം മറയ്ക്കാനുള്ള തന്ത്രമുണ്ടായിരുന്നുവെന്ന രേഖകൾ പുറത്തുവന്നിട്ടുണ്ട്.

ആദ്യഘട്ടത്തിൽ കോവിഡ് പടരുകയും പിന്നീട് അതിനെ പിടിച്ചുകെട്ടിയെന്ന് അവകാശപ്പെടുകയും ചെയ്യുമ്പോൾ, രോഗത്തിന്റെ രണ്ടാംവരവ് അവിടെ വിവാദമാണ്. ഇതിൽനിന്നു ശ്രദ്ധതിരിക്കുന്നതിനും കോവിഡ് വ്യാപനത്തെത്തുടർന്ന് തകരുന്ന അമേരിക്കയെ പിന്നിലാക്കാൻ ശ്രമിക്കുന്നെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാനുമുള്ള തന്ത്രം മറ്റൊരുതരത്തിൽ പുറത്തെടുത്തതുമാകാം.

ഇനി

45 വർഷത്തിനു ശേഷമാണ് സൈനികർ മരിച്ചതെന്നത് ഗൗരവമേറിയ കാര്യമാണ്. ഇത് ഇരു രാജ്യങ്ങളും സൈനികതലത്തിൽത്തന്നെ പരിഹരിക്കുമെന്നാണു കരുതുന്നത്. ചൈനയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ സൈനിക വിഭവങ്ങൾ ഇവിടേക്കു കേന്ദ്രീകരിക്കുകയെന്നത് ഗുണകരമാകില്ല. ഇന്ത്യയും ഇത്തരത്തിൽ ചിന്തിക്കാനാണു സാധ്യത. അതുകൊണ്ടുതന്നെ ഇത് രാഷ്ട്രീയമായും സൈനികമായും പരിഹരിക്കുമെന്നാണു പ്രതീക്ഷ.

Content Highlights: China strtegy in ladakh