ന്യൂഡൽഹി: ഇന്ത്യക്ക്‌ ഭീഷണിയായി ഭൂട്ടാൻ അതിർത്തിയിൽ ചൈന നാലു ഗ്രാമങ്ങൾകൂടി പണിതതായി ഉപഗ്രഹദൃശ്യങ്ങൾ. ആഗോള ഗവേഷണ സ്ഥാപനമായ ഇന്റൽ ലാബിലെ പ്രതിരോധ വിദഗ്ധൻ ഡി ആടിസ് എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

2017-ൽ ഇന്ത്യയും ചൈനയും തമ്മിൽ 74 ദിവസംനീണ്ട സംഘർഷം നടന്ന ത്രിരാഷ്ട്ര അതിർത്തി സംഗമസ്ഥലമായ ഡോക്‌ലാമിനോടു ചേർന്ന് ഒരു വർഷത്തിനുള്ളിലാണ് പുതിയ ഗ്രാമങ്ങൾ പണിതതെന്ന് ദൃശ്യങ്ങൾ വെളിപ്പെടുത്തുന്നു. 24,700 ഏക്കറോളം വിസ്‌തൃതിയിലാണ് ഗ്രാമങ്ങൾ. അരുണാചൽപ്രദേശ് അതിർത്തിയിൽ ചൈന രണ്ടാംഗ്രാമം പണിതതായും ഉപഗ്രഹദൃശ്യങ്ങൾ പുറത്തുവന്നു. ആദ്യം നിർമിച്ച ഗ്രാമത്തിന്റെ 93 കിലോമീറ്റർ കിഴക്കുമാറിയാണ് ഇപ്പോഴത്തെ നിർമാണം.

അരുണാചൽപ്രദേശ് അതിർത്തിയിൽ ചൈന ഗ്രാമം പണിതതായി ആദ്യം അമേരിക്കയുടെ പ്രതിരോധ വകുപ്പായ പെന്റഗണിന്റെ വാർഷിക റിപ്പോർട്ടാണ് വെളിപ്പെടുത്തിയത്. 1959-ൽ ചൈന പിടിച്ചെടുത്ത പ്രദേശത്താണ് ഈ ഗ്രാമമെന്ന് ഇന്ത്യയും പ്രതികരിച്ചിരുന്നു. രണ്ടാമത്തെ ഗ്രാമം യഥാർഥ നിയന്ത്രണരേഖയ്ക്കും അന്താരാഷ്ട്ര അതിർത്തിക്കും ഇടയിലുള്ള മേഖലയിൽ ഇന്ത്യൻ അതിർത്തിയിൽ ഏകദേശം ആറുകിലോമീറ്റർ അകലെയാണ്. ഇന്ത്യ എല്ലായ്‌പ്പോഴും തങ്ങളുടെ സ്വന്തം പ്രദേശമാണെന്ന് അവകാശപ്പെടുന്ന സ്ഥലമാണിത്. അറുപതോളം കെട്ടിടങ്ങളാണിവിടെ നിർമിച്ചിട്ടുള്ളത്. ഇത് 2019-ൽ ഉണ്ടായിരുന്നില്ലെന്നും ഉപഗ്രഹദൃശ്യങ്ങളിൽ വ്യക്തമാവുന്നു.

“ഭൂട്ടാനും ചൈനയും തമ്മിൽ തർക്കമുള്ള ഡോക്‌ലാമിനടുത്ത പ്രദേശത്ത് 2020-’21 കാലഘട്ടത്തിലാണ് നിർമാണപ്രവർത്തനം നടന്നത്. ഏകദേശം 100 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ ഒന്നിലധികം പുതിയ ഗ്രാമങ്ങൾ ഇപ്പോൾ ഇവിടെ വ്യാപിച്ചുകിടക്കുന്നു. ഇത് ഭൂട്ടാനും ചൈനയും തമ്മിലുണ്ടാക്കിയ പുതിയ കരാറിന്റെ ഭാഗമോ അതോ ചൈനയുടെ പ്രാദേശിക അവകാശവാദങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമോ” -ഉപഗ്രഹചിത്രങ്ങൾ പങ്കുവെച്ച് പ്രതിരോധവിദഗ്ധൻ ട്വിറ്ററിൽ കുറിച്ചു.

14-ാം വട്ട സൈനിക ചർച്ച

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ സംഘർഷവുമായി ബന്ധപ്പെട്ട് 14-ാം വട്ട കോർ കമാൻഡർ ചർച്ച ഉടൻ നടത്താൻ ഇന്ത്യയും ചൈനയും തീരുമാനിച്ചു. നിലവിലുള്ള ഉഭയകക്ഷി ധാരണകളുടെ അടിസ്ഥാനത്തിൽ ചർച്ചകൾ നടക്കുമെന്ന് വിദേശ കാര്യമന്ത്രാലയം അറിയിച്ചു. ഒക്ടോബർ 10-ന് ചേർന്ന 13-ാം വട്ട കോർ കമാൻഡർ തല ചർച്ച പുരോഗതിയില്ലാതെ പിരിഞ്ഞിരുന്നു.

ഇന്ത്യ തക്ക മറുപടി നൽകിയിട്ടുണ്ട്

മറ്റൊരു രാജ്യത്തിന്റെ ഭൂമി കൈവശപ്പെടുത്തുക എന്നത് ഇന്ത്യയുടെ സ്വഭാവമല്ല. എന്നാൽ, ഏതെങ്കിലും രാജ്യം ഇന്ത്യയെ ദുഷിച്ച കണ്ണോടെ നോക്കിയാൽ തക്കതായ മറുപടി നൽകിയിട്ടുണ്ട്. ഇന്ത്യയുടെ ഓരോ ഇഞ്ചു ഭൂമിയും സംരക്ഷിക്കാൻ നമ്മുടെ ധീരരായ സൈനികർക്ക് കഴിയും

-പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്