ന്യൂഡൽഹി: കഴിഞ്ഞമാസം ആദ്യംമുതൽ യഥാർഥ നിയന്ത്രണരേഖയിൽ ചൈന വൻതോതിൽ സൈനികവിന്യാസവും ആയുധസജ്ജീകരണവും നടത്തുന്നുണ്ടെന്ന് ഇന്ത്യ. ഇത് ഇരുരാജ്യവും തമ്മിൽ നിലവിലുള്ള വിവിധ ഉഭയകക്ഷി കരാറുകൾക്കു യോജിച്ചതല്ല. അതിർത്തിയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ യഥാർഥ നിയന്ത്രണരേഖയെ (എൽ.എ.സി.) അംഗീകരിക്കണം. ഉഭയകക്ഷി കരാർ വ്യവസ്ഥകൾ പാലിക്കണം. നിലവിലെ സ്ഥിതി തുടരുന്നത് പരസ്പരബന്ധത്തിന്റെ അന്തരീക്ഷം വഷളാക്കുമെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. ചൈനീസ് പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങളുടെ പ്രതികരണങ്ങൾക്കു മറുപടിയെന്ന നിലയിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

ഗാൽവൻ താഴ്‌വരയിൽ ഈ മാസം 15-നുണ്ടായ ഏറ്റുമുട്ടൽ ചൈനയുടെ ഏകപക്ഷീയമായ നടപടികൾ മൂലമാണെന്ന് ഇന്ത്യ ആവർത്തിച്ചു. ഏറ്റുമുട്ടലിനുശേഷം ഇരുവിഭാഗവും സൈനികവിന്യാസം വർധിപ്പിച്ചിട്ടുണ്ടെന്നും ആയുധം സംഭരിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

1993-ലെ പ്രധാന കരാറുൾപ്പെടെ നിലവിലുള്ള വിവിധ ധാരണകൾക്ക് യോജിച്ചതല്ല ഇത്. ഇരുരാജ്യവും തമ്മിൽ സൗഹൃദവും നല്ല അയൽപക്കബന്ധവും സൂക്ഷിക്കാനുതകുന്ന രീതിയിൽ യഥാർഥ നിയന്ത്രണരേഖയിൽ കുറഞ്ഞതോതിൽ സൈനികവിന്യാസം നടത്തണമെന്നാണ് 1993-ലെ കരാർ വ്യവസ്ഥചെയ്യുന്നത്.

ഗാൽവൻ താഴ്‌വരയിൽ ഇന്ത്യയുടെ പരമ്പരാഗത പട്രോളിങ് രീതി തടസ്സപ്പെടുത്താൻ കഴിഞ്ഞമാസം ആദ്യം ചൈന ശ്രമിച്ചിരുന്നു. എന്നാൽ, ഈ പ്രശ്നം ഉഭയകക്ഷി ധാരണയെ അടിസ്ഥാനമാക്കി ഗ്രൗണ്ട് കമാൻഡർമാർ നടത്തിയ ചർച്ചയിലൂടെ പരിഹരിച്ചു. വീണ്ടും പ്രശ്നമുണ്ടായപ്പോൾ ഈ മാസം ആറിന് ഇരുരാജ്യങ്ങളുടെയും ഉന്നത കമാൻഡർമാർ യോഗംചേർന്ന് എൽ.എ.സി.യിൽനിന്ന് സൈന്യത്തെ പിൻവലിക്കാൻ ധാരണയുണ്ടാക്കി. ചൈന ഈ ധാരണയിൽനിന്നു പിന്മാറി എൽ.എ.സി.യിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തി. ഈ ശ്രമം പരാജയപ്പെട്ടപ്പോൾ, 15-ന് ഗാൽവനിൽ ഏറ്റുമുട്ടലിനു വഴിയൊരുക്കി. അതിനുശേഷം ഇരുവിഭാഗവും നയതന്ത്ര-സൈനിക തല ചർച്ചകൾ തുടരുകയാണ്. അതിനിടയിൽത്തന്നെ ഇരുരാജ്യവും വൻതോതിൽ അതിർത്തി മേഖലയിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

ഇന്ത്യൻ സൈന്യം എൽ.എ.സി.യെ മാനിക്കുന്നുണ്ട്, അതു പാലിക്കുന്നുമുണ്ട്. ഇന്ത്യ നടത്തുന്ന എല്ലാ നിർമാണപ്രവർത്തനങ്ങളും എൽ.എ.സി.യിൽ ഇന്ത്യയുടെ ഭാഗത്താണ്. തത്‌സ്ഥിതി മാറ്റാൻ ഒരു നടപടിയും ഏകപക്ഷീയമായി സ്വീകരിച്ചിട്ടില്ല. എന്നാൽ, ഇത് ചൈന പാലിച്ചിട്ടില്ല. അതിനാൽ വീണ്ടും വീണ്ടും ഏറ്റുമുട്ടലിന് ഇത് ഇടയാക്കുകയാണ് -മന്ത്രാലയം പറഞ്ഞു.