ന്യൂഡൽഹി: രാജ്യമെമ്പാടും സ്കൂൾ തുറക്കണമെന്നാവശ്യപ്പെട്ട് ഹർജിനൽകിയ ഡൽഹിയിലെ പ്ലസ് ടു വിദ്യാർഥിയോട് പഠനത്തിൽ ശ്രദ്ധിച്ചാൽ മതിയെന്ന് സുപ്രീംകോടതി. പ്രശസ്തിക്കുവേണ്ടിയുള്ള ഇത്തരം കാര്യങ്ങളിൽ വിദ്യാർഥികൾ ഏർപ്പെടേണ്ടതില്ലെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

വിദ്യാർഥിക്ക് വേണമെങ്കിൽ ഈ ആവശ്യവുമായി ഡൽഹി സർക്കാരിനെ സമീപിക്കാമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഭരണഘടനാപരമായ പരിഹാരമാർഗങ്ങൾ തേടുന്നതിനു പകരം സ്കൂളിലെ പഠനത്തിൽ ശ്രദ്ധിക്കാൻ നിങ്ങളുടെ കക്ഷിയോട് പറയണമെന്ന് അഡ്വ. രവി പ്രകാശ് മെഹ്‌റോത്രയോട് സുപ്രീംകോടതി പറഞ്ഞു. കേരളത്തിലെയും മഹാരാഷ്ട്രയിലെയും സാഹചര്യം ഡൽഹിയിലേതുപോലല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. വളരെനേരത്തെ സ്കൂൾതുറന്ന ചില രാജ്യങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ഓർമിപ്പിച്ചു.