കുര്‍നൂല്‍: രോഗിയായ അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ പതിമ്മൂന്നുകാരന്‍ 23 വയസ്സുകാരിയെ വിവാഹംചെയ്തു. ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയിലെ ഉപ്പറഹള്‍ ഗ്രാമത്തില്‍ കഴിഞ്ഞ മാസമായിരുന്നു വിവാഹം. ബാലവിവാഹത്തിന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വരനും വധുവും ബന്ധുക്കളും ഒളിവില്‍പ്പോയി. ഇവരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ജില്ലാ അധികൃതര്‍. കര്‍ണാടകയിലെ ബെല്ലാരിയിലെ ചണിക്കണനൂര്‍ ഗ്രാമവാസിയാണ് വധു.

തന്റെ മരണശേഷം കുടുംബം നോക്കാന്‍ പ്രായപൂര്‍ത്തിയായൊരു സ്ത്രീ വീട്ടില്‍ വേണമെന്ന വരന്റെ അമ്മയുടെ ആഗ്രഹമാണ് രണ്ടുവീട്ടുകാരെയും പ്രശ്‌നത്തിലാക്കിയത്. കര്‍ഷകത്തൊഴിലാളികളാണ് ആണ്‍കുട്ടിയുടെ അച്ഛനും അമ്മയും. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ഇവര്‍ക്കുള്ളത്. കുറച്ചുകാലമായി രോഗക്കിടക്കയിലാണ് അമ്മ. ഭര്‍ത്താവ് കടുത്ത മദ്യപാനിയായതിനാല്‍ തന്റെ മരണശേഷം കുടുംബം നോക്കാന്‍ ആളില്ലാതാവുമെന്ന് അവര്‍ ഭയന്നു. 13 വയസ്സുള്ള മൂത്തമകനെ വിവാഹം കഴിപ്പിക്കുന്നതായിരുന്നു അവര്‍ കണ്ട പോംവഴി.

അപ്പോഴാണ് ബെല്ലാരിയിലെ ബന്ധുക്കള്‍ വിവാഹപ്രായമായ യുവതിയുണ്ടെന്ന് അറിയിച്ചത്. തുടര്‍ന്ന് വിവാഹത്തിന് ഇരു വീട്ടുകാരും ധാരണയിലെത്തി. ഏപ്രില്‍ 23-നാരംഭിച്ച വിവാഹകര്‍മങ്ങള്‍ ഏപ്രില്‍ 27-നു പുലര്‍ച്ചെ മൂന്നിനാണ് അവസാനിച്ചത്.

സംഭവം പുറത്തറിഞ്ഞതോടെയാണ് അറസ്റ്റുഭയന്ന് ഇരുകുടുംബങ്ങളും ഒളിവില്‍ പോയത്. ഫോണില്‍ ബന്ധപ്പെടാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ചോഫായിരുന്നു. ''നിയമസാധുതയില്ലാത്തതിനാല്‍ വിവാഹം റദ്ദാക്കിയേക്കും. രണ്ടുദിവസത്തിനകം വരനെയും വധുവിനെയും ജില്ലാ അധികൃതരുടെ മുന്‍പില്‍ ഹാജരായില്ലെങ്കില്‍ ഇവര്‍ക്കെതിരേ കേസെടുക്കും'' -തഹസില്‍ദാര്‍ ശ്രീനിവാസറാവു മാധ്യമങ്ങളോട് പറഞ്ഞു.