ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പായിരുന്നെങ്കില്‍ ഓഖി ദുരന്തസ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഓടിയെത്തുമായിരുന്നെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പരിഹാസം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനാലാണ് പ്രധാനമന്ത്രി കേരളത്തിലെത്താന്‍ നിര്‍ബന്ധിതമായതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ഒരു കാഴ്ചവിരുന്നിനായി കേരളത്തില്‍ വരേണ്ടതില്ല. അത്തരമൊരു അവസ്ഥയിലല്ല ഇപ്പോള്‍ കേരളം. സംസ്ഥാനം സന്ദര്‍ശിക്കുമ്പോള്‍ 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണം. കടലോരങ്ങളുടെ അടിസ്ഥാന വികസനം, സുരക്ഷിതത്വം, പുലിമുട്ട്, കടല്‍ഭിത്തി എന്നിവയുെട നിര്‍മാണമാണ് അടിയന്തരമായി വേണ്ടത്. ഓഖി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് പാര്‍ലമെന്റില്‍ അനുശോചനം രേഖപ്പെടുത്താന്‍പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തല പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രിയെ വിളിച്ച് വിവരം ചോദിച്ചറിഞ്ഞ പ്രധാനമന്ത്രി കേരള മുഖ്യമന്ത്രിയെ വിളിക്കാത്തത് സംസ്ഥാനത്തോടുള്ള അവഗണനയാണ്.

സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമര്‍പ്പിച്ച പാക്കേജ് പര്യാപ്തമല്ല. എത്രപേര്‍ മരിച്ചെന്നോ എത്രപേരെ കാണാതായെന്നോ സംസ്ഥാന സര്‍ക്കാരിനു കണക്കില്ല. സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിച്ചിട്ടും തീരദേശം ഇപ്പോഴും പട്ടിണിയിലാണെന്നും ചെന്നിത്തല പറഞ്ഞു.