santha sheela nairചെന്നൈ: എ.ഐ.എ.ഡി.എം.കെ. സര്‍ക്കാരിന് ആഘാതം ഏല്‍പിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥ കൂടി ഭരണ നേതൃത്വത്തില്‍ നിന്ന് രാജിവെച്ചു. ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി പദവി വഹിക്കുന്ന മലയാളിയും റിട്ടയേര്‍ഡ് ഐ.എ.എസ്. ഉദ്യോഗസ്ഥയുമായ ശാന്താ ഷീല നായരാണ് സ്ഥാനമൊഴിഞ്ഞത്.

ഇന്റലിജന്‍സിന്റെ ചുമതല വഹിക്കുന്ന കെ.എന്‍. സത്യമൂര്‍ത്തി നീണ്ട അവധിയില്‍ പ്രവേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അദ്ദേഹം ശനിയാഴ്ചയ്ക്കുശേഷം ഓഫീസില്‍ എത്തിയിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച സര്‍ക്കാരിന്റെ ഉപദേശകയും മലയാളിയുമായ ഷീലാ ബാലകൃഷ്ണന്‍ രാജിവെച്ചിരുന്നു. എ.ഐ.എ.ഡി.എം.കെ. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനായി നിയോഗിക്കപ്പെട്ട 'ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി' പദവിയാണ് ശാന്ത ഷീല നായര്‍ വഹിച്ചിരുന്നത്.
 
ജയലളിതയുടെ ഭരണ കാലയളവില്‍ പ്രധാന പദവികളാണ് തിരുവനന്തപുരം ജവഹര്‍നഗര്‍ സ്വദേശിനിയായ ശാന്ത ഷീല നായര്‍ വഹിച്ചത്. കഴിഞ്ഞ എ.ഐ.എ.ഡി.എം.കെ. ഭരണത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ഉപാധ്യക്ഷയായിരുന്നു. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങള്‍ നടപ്പിലാക്കുന്നതിലെ പ്രാവീണ്യമാണ് 1973 ഐ.എ.എസ്. ബാച്ചില്‍പ്പെട്ട ശാന്ത ഷീല നായരെ ജയലളിതയുമായി അടുപ്പത്തിലാക്കിയത്. ആസൂത്രണക്കമ്മിഷന്‍ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് കഴിഞ്ഞ മേയില്‍ വിരമിച്ച അവരെ ജയലളിത പോയസ് ഗാര്‍ഡിലേക്ക് വിളിപ്പിച്ച് 'ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി' ചുമതല നല്‍കുകയായിരുന്നു.
 
കേരളത്തിലെ മുന്‍ ചീഫ് സെക്രട്ടറിയായ പത്മകുമാറിന്റെ ബന്ധുവാണ്. 2004-ല്‍ ആഞ്ഞടിച്ച സുനാമി തിരമാലകളില്‍ തമിഴ്‌നാടിന്റെ തീരദേശങ്ങള്‍ ദുരന്തത്തില്‍ മുങ്ങിയപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് ശാന്ത ഷീല നായരാണ്.