ന്യൂഡൽഹി: ഇറാനിൽനിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതി ചെന്നൈ പെട്രോളിയം ഒക്ടോബറിൽ നിർത്തും. ഇറാനുമേൽ യു.എസ്. ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇൻഷുറൻസ് പരിരക്ഷ നഷ്ടമാകാതിരിക്കാനാണിത്.

ഇറാന്റെ എണ്ണക്കമ്പനിയായ നാഷണൽ ഇറാൻ ഓയിൽ കമ്പനിയുടെ വാണിജ്യവിഭാഗമായ നാഫ്റ്റിറാൻ ഇന്റർട്രേഡിന് 15.4 ശതമാനം ഓഹരിയുള്ള സ്ഥാപനമാണ് ചെന്നൈ പെട്രോളിയം. 230,000 വീപ്പ അംസ്കൃത എണ്ണ ദിവസം സംസ്കരിക്കാൻ ശേഷിയുള്ള ശുദ്ധീകരണശാലയാണിത്.

തങ്ങളുടെ പുതിയ നയപ്രകാരം ഇറാനിൽനിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ സംസ്കരണത്തിന് ഒക്ടോബർ മുതൽ ഇൻഷുറൻസ് പരിരക്ഷ നൽകില്ലെന്നു യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് ചെന്നൈ പെട്രോളിയത്തെ അറിയിച്ചതായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു. ഇന്ത്യൻ ഇഷുറൻസ് കമ്പനികൾ ഉപരോധത്തിന്റെ പരിധിയിൽ നേരിട്ടു വരില്ല. എന്നാൽ, പാശ്ചാത്യരാജ്യങ്ങളിലെ റീഇൻഷുറൻസ് വിപണിയിൽ ഉപരോധമുണ്ടാക്കാനുള്ള അപകടസാധ്യത കണക്കിലെടുത്താണ് ഈ പിൻമാറ്റം.

ചെന്നൈ പെട്രോളിയംകൂടി പിൻമാറുന്ന സാഹചര്യത്തിൽ, ഇറാന് ഇന്ത്യയിൽ ഇടപാടുള്ള എണ്ണക്കമ്പനികളുടെ എണ്ണം രണ്ടായി ചുരുങ്ങും. മാംഗളൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവയാണിവ.