ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്‌റ്റേറ്റിൽ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി കവർച്ച നടത്തിയത് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയ്ക്ക് വേണ്ടിയാണെന്ന വെളിപ്പെടുത്തൽ നടത്തിയ രണ്ട് മലയാളികൾ അറസ്റ്റിൽ. കോടനാട് കൊലപാതക കേസിലെ പ്രതികളായ കെ.വി. സയൻ, വാളയാർ മനോജ് എന്നിവരാണ് ഡൽഹിയിൽ അറസ്റ്റിലായത്. പളനിസ്വാമി നൽകിയ പരാതിയെത്തുടർന്ന് ചെന്നൈയിൽ നിന്നുള്ള പ്രത്യേക പോലീസ് സംഘമെത്തിയാണ് ഇവരെ പിടികൂടിയത്.

സയനെയും മനോജിനെയും ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നും ഇത് നിയമവിരുദ്ധമാണെന്നും ഇവരുടെ വെളിപ്പെടുത്തൽ ദൃശ്യങ്ങൾ പുറത്തുവിട്ട മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ ആരോപിച്ചു. പളനിസ്വാമിയുടെ പരാതിയെ ത്തുടർന്ന് കേസെടുത്ത ചെന്നൈ സിറ്റി പോലീസിന് കീഴിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ച് പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. ഡെപ്യൂട്ടി കമ്മിഷണർ സെന്തിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹിയിലേക്ക് തിരിച്ചത്. സയനും മനോജും കേരളത്തിലുണ്ടായിരിക്കാമെന്ന സംശയത്തെ ത്തുടർന്ന് തൃശ്ശൂരിലേക്ക് മറ്റൊരു സംഘവും പുറപ്പെട്ടിരുന്നു.

2017 ഏപ്രിലിൽ നടന്ന കോടനാട് എസ്റ്റേറ്റിലെ കൊലപാതകത്തിനും കവർച്ചയ്ക്കും പിന്നിൽ എടപ്പാടി പളനിസ്വാമിയാണെന്ന് ഈ കേസിലെ പ്രതികളായ സയനും മനോജും കഴിഞ്ഞ ദിവസമാണ് ആരോപണമുന്നയിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ മാത്യു സാമുവൽ ഡൽഹിയിൽ പുറത്തുവിടുകയായിരുന്നു.

കേസിലെ പ്രധാന പ്രതിയും ജയലളിതയുടെ ഡ്രൈവറുമായ കനകരാജ് സംഭവത്തിന് ശേഷം വാഹനാപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു വാഹനാപകടത്തിൽ സിയാന് ഗുരുതരമായി പരിക്കേറ്റു, കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. ഇത് കൂടാതെ എസ്റ്റേറ്റിലെ സി.സി.ടി.വി. ക്യാമറകളുടെ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്നയാൾ ആത്മഹത്യ ചെയ്തു. ഇവിടെയുണ്ടായിരുന്ന രേഖകൾ എടുക്കാനായിട്ടായിരുന്നു കവർച്ചയെന്നും ഇതിന് പിന്നിൽ എടപ്പാടി പളനിസ്വാമിയാണെന്നുമാണ് സയന്റെയും മനോജിന്റെയും വെളിപ്പെടുത്തൽ. ആരോപണം പളനിസ്വാമി നിഷേധിച്ചുവെങ്കിലും ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സംഭവം എ.ഐ.എ.ഡി.എം.കെയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.

അന്വേഷണ കമ്മിഷനെ നിയമിക്കണം-ഡി.എം.കെ.

കോടനാട് എസ്റ്റേറ്റ് കൊലപാതക കേസിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയ്ക്കെതിരെയുള്ള ആരോപണങ്ങളെ ക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ കമ്മിഷനെ നിയോഗിക്കണമെന്ന് ഡി.എം.കെ. അധ്യക്ഷൻ സ്റ്റാലിൻ. ഈ ആവശ്യം രാഷ്ട്രപതിയുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അടുത്ത ദിവസം ഗവർണറെ കാണും. നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. വെളിപ്പെടുത്തൽ നടത്തിയ സയനും മനോജിനും അവരുടെ കുടുംബത്തിനും സുരക്ഷ ഏർപ്പെടുത്തണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

Content Highlights: kodnadu murder case accused arrested