ചെന്നൈ: ശതകോടികളുടെ മറ്റൊരു ബാങ്ക് വായ്പത്തട്ടിപ്പുകൂടി പുറത്ത്. ചെന്നൈ കേന്ദ്രീകരിച്ചുള്ള ജൂവലറി ശൃംഖലയായ കനിഷ്‌ക് ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡാണ് എസ്.ബി.ഐ. നേതൃത്വം നല്‍കുന്ന 14 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് 824.15 കോടി രൂപ വായ്പയെടുത്ത് തിരിച്ചടവിന് മുടക്കംവരുത്തിയത്. വായ്പത്തുക പലിശയടക്കം ആയിരംകോടി രൂപയാകുമെന്ന് ജനുവരിയില്‍ സി.ബി.ഐ.ക്ക് നല്‍കിയ പരാതിയില്‍ എസ്.ബി.ഐ. പറയുന്നു.

ഉത്തരേന്ത്യക്കാരായ കമ്പനിയുടമകള്‍ ഭൂപേഷ് കുമാര്‍ ജെയിന്‍, ഭാര്യ നീതാ ജെയിന്‍ എന്നിവരുടെപേരില്‍ സി.ബി.ഐ. അന്വേഷണം തുടങ്ങിയപ്പോഴാണ് വിവരം പുറത്തായത്. ലീഡ് ബാങ്കായ എസ്.ബി.ഐ.യുടെ ഉത്തരവാദിത്വത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പ്പറേഷന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവയുടെ പണമാണ് നഷ്ടമായത്.

ചെന്നൈ രാജാജി ശാലയിലെ എസ്.ബി.ഐ.യില്‍നിന്നാണ് വായ്പ നല്‍കിയത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ എട്ടുബാങ്കുകളുടെ തിരിച്ചടവ് ജൂവലറി ആദ്യം മുടക്കി. പിന്നീട് മറ്റുബാങ്കുകളിലും പണം തിരിച്ചടച്ചില്ല. തുടര്‍ന്ന് ബാങ്കധികൃതര്‍ കനിഷ്‌ക്കിന്റെ ചെന്നൈയിലെ കോര്‍പ്പറേറ്റ് ഓഫീസും ഷോറൂമുകളും സന്ദര്‍ശിച്ചു. ഇതിനിടെ കമ്പനിഓഫീസും ഷോറൂമുകളും മുന്നറിയിപ്പില്ലാതെ പൂട്ടി ഉടമകള്‍ മുങ്ങി.

2007-ലാണ് കനിഷ്‌ക് ജൂവലറി വായ്പയെടുത്തത്. ആദ്യഘട്ടം പ്രവര്‍ത്തന മൂലധനമായി 50 കോടിയും വായ്പയായി 10 കോടിയും അനുവദിച്ചു. പിന്നീട് പലതവണകളായാണ് വായ്പ അനുവദിച്ചത്. എസ്.ബി.ഐ. 215 കോടിയാണ് വായ്പ നല്‍കിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക് 115 കോടി അനുവദിച്ചു. വായ്പ നല്‍കിയ മറ്റുബാങ്കുകള്‍: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, സിന്‍ഡിക്കേറ്റ് ബാങ്ക് (50 കോടിരൂപ വീതം), ബാങ്ക് ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ. ബാങ്ക്(45 കോടി വീതം), യൂക്കോ ബാങ്ക് (40 കോടി), തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക് (37 കോടി), ആന്ധ്രാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ (30 കോടി), എച്ച്.ഡി.എഫ്.സി. ബാങ്ക്, ഐ.സി.ഐ.സി. ബാങ്ക്(25 കോടി), സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പ്പറേഷന്‍ ബാങ്ക് (20 കോടി).

പി.എന്‍.ബി. വായ്പത്തട്ടിപ്പിലെ പ്രതി നീരവ് മോദിയുടേത് ഉള്‍പ്പെടെയുള്ള സംഘങ്ങളുമായി കനിഷ്‌ക് ജൂവലറി ഉടമകള്‍ക്ക് ബന്ധമുള്ളതായി സി.ബി.ഐ. സംശയിക്കുന്നുണ്ട്. ചെന്നൈ ടി നഗര്‍ നോര്‍ത്ത് ഉസ്മാന്‍ റോഡിലെ പ്രശാന്ത് ടവറില്‍ പ്രവര്‍ത്തിച്ചിരുന്ന ഷോറൂം സാമ്പത്തികപ്രയാസങ്ങളെത്തുടര്‍ന്ന് പൂട്ടുകയാണെന്നാണ് ജീവനക്കാരോട് ഉടമകള്‍ പറഞ്ഞത്.