ചെന്നൈ: സർക്കാർ ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ച ഗർഭിണിക്ക്‌ എച്ച്.ഐ.വി. ബാധിച്ച സംഭവത്തിൽ രക്തദാതാവായ യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം കോടതിയിൽ.

വിഷം കഴിച്ച് ആസ്പത്രിയിലായ യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം നൽകിയ കുത്തിവെപ്പ്‌ സംബന്ധിച്ച് സംശയമുണ്ടെന്നാണ് അമ്മ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. മധുര രാജാജി ആശുപത്രിയിൽ ചികിത്സയിലായിരുന്ന രക്തദാതാവ് ഞായറാഴ്ചയാണ് മരിച്ചത്.

രാജാജി ആശുപത്രിയിലെ ഡോക്ടർമാർ മൃതദേഹ പരിശോധന നടത്തുന്നതിനെ എതിർക്കുന്ന കുടുംബം ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഡോക്ടർമാരെ ഇതിനായി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. പോസ്റ്റുമോർട്ടം നടപടികളുടെ വീഡിയോ ദൃശ്യങ്ങൾ പകർത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ നില മെച്ചപ്പെട്ടിരുന്നെന്നും പരസഹായമില്ലാതെ നടക്കാൻ സാധിച്ചിരുന്നെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ഞായറാഴ്ച രഹസ്യഭാഗത്ത് വേദന അനുഭവപ്പെട്ടതിന് നൽകിയ ചികിത്സയെത്തുടർന്നാണ് നില വഷളായതെന്ന് ഇവർ ആരോപിക്കുന്നു.

ഇതേക്കുറിച്ച് ചോദിച്ചിട്ടും വിശദീകരണം നൽകാൻ ഡോക്ടർമാർ തയ്യാറായില്ല. എന്ത് കുത്തിവെപ്പാണ് നൽകിയതെന്ന് പറയുന്നതിനുപകരം ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്ന് പറഞ്ഞ് ഡോക്ടർ ദേഷ്യപ്പെട്ടുകയായിരുന്നു. അതിനുശേഷം രക്തം ഛർദിക്കുകയും ഞായറാഴ്ച രാവിലെ ഏഴോടെ മരിക്കുകയും ചെയ്തു. എന്നാൽ 8.10-ന് മരണം സംഭവിച്ചെന്നാണ് ആശുപത്രി ഡീൻ മാധ്യമങ്ങളോട് പറഞ്ഞതെന്നും യുവാവിന്റെ കുടുംബം ആരോപിച്ചു.

വിരുദുനഗർ ജില്ലയിലെ സാത്തൂർ സർക്കാർ ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ചതിനെത്തുടർന്നാണ് യുവതിയ്ക്ക് എച്ച്.ഐ.വി. ബാധയുണ്ടായത്. രാമനാഥപുരം സ്വദേശിയായ യുവാവ് ഒരു മാസംമുമ്പ് രക്തബാങ്കിന് നൽകിയ രക്തമാണ് ഇവർക്ക് നൽകിയത്. വിദേശജോലിയ്ക്കുള്ള വിസാ നടപടിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് എച്ച്.ഐ.വി. ബാധിച്ചിട്ടുണ്ടെന്ന് യുവാവ് തിരിച്ചറിയുന്നത്. ഈ വിവരം രക്തബാങ്കിനെ അറിയിച്ചെങ്കിലും അതിന് മുമ്പുതന്നെ രക്തം സാത്തൂർ സ്വദേശിനിയ്ക്ക് ഉപയോഗിച്ചിരുന്നു. യുവതി ഇപ്പോൾ രാജാജി ആശുപത്രിയിൽ ചികിത്സയിലാണ്.

ഇത്തരത്തിൽ സർക്കാർ ആശുപത്രികളിൽനിന്ന് രക്തം സ്വീകരിച്ചതിനെത്തുടർന്ന് എച്ച്.ഐ.വി. ബാധിച്ചെന്നാരോപിച്ച് രണ്ട് യുവതികൾ കൂടി രംഗത്തെത്തിയിട്ടുണ്ട്. ചെന്നൈ മാങ്കാട് സ്വദേശിനിയും സേലം സ്വദേശിനിയുമാണ് ആരോപണം ഉന്നയിച്ചത്.

Content Highlights: Chennai hiv infected blood given to pregnant