ചെന്നൈ: നടൻ രജനീകാന്തിനെ നേതാവെന്നു വിളിക്കുന്നവരെ ഒരിക്കലും പറഞ്ഞു മനസ്സിലാക്കാൻ സാധിക്കില്ലെന്നും കൊന്നുകളയുകയാണുവേണ്ടതെന്നും സംവിധായകൻ സീമാൻ. കുറച്ചു ചലച്ചിത്രങ്ങളിൽ അഭിനയിച്ചതുകൊണ്ടുമാത്രം നേതാവാകില്ല. ജനങ്ങൾക്കുവേണ്ടി ത്യാഗം ചെയ്യുന്നവരാണ് നേതാക്കൾ. സിനിമയിൽ അഭിനയിക്കുന്നവരെ നടന്മാരെന്നു വിളിച്ചാൽമതിയെന്നും നാം തമിഴർ കക്ഷി നേതാവുകൂടിയായ സീമാൻ അഭിപ്രായപ്പെട്ടു.

സുരേഷ് കാമാച്ചി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ‘ടീസർ’ പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സീമാൻ.

സിനിമാകൊട്ടകയിൽമാത്രമാണ് നടന്മാർ നേതാക്കളാകുന്നത്. രജനീകാന്തിനെപ്പോലെയുള്ളവരെ നേതാവെന്നു വിളിച്ചാൽ കാമരാജിനെപ്പോലെയുള്ളവരെ സാമൂഹികവിരുദ്ധരെന്ന് വിളിക്കുമോയെന്നും സീമാൻ ചോദിച്ചു.

ടെലിവിഷൻ ചാനലിൽപ്പോലും പലരും തലൈവർ (നേതാവ്) എന്നാണ് രജനിയെ വിശേഷിപ്പിക്കുന്നത്. അതെന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ല. ഇങ്ങനെ വിളിച്ചുകൊണ്ടു പിന്നാലെ നടക്കുന്നവരെ കൊല്ലുകയാണുവേണ്ടത്. അല്ലെങ്കിൽ സ്വയം മരിക്കണമെന്നും സീമാൻ പറഞ്ഞു. തമിഴനല്ലെന്നു ചൂണ്ടിക്കാട്ടി രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശത്തെ എതിർക്കുന്നയാളാണ് സീമാൻ.

Content Highlights: director seeman against rajanikanth's followers