ചെന്നൈ: മദ്യം ഉപേക്ഷിക്കാന്‍ മകന്റെ മരണത്തോളം വൈകിയ തിരുനെല്‍വേലി സ്വദേശി മാടസ്വാമിയുടെ മനസ്സില്‍ കുറ്റബോധത്തിന്റെ തീക്കനല്‍ കോരിയിട്ട് പ്ലസ് ടു പരീക്ഷാഫലം. അച്ഛന്റെ മദ്യപാനശീലത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ മകന്‍ ദിനേഷിന് പ്ലസ്ടുവിന് 85 ശതമാനം മാര്‍ക്ക്. പരീക്ഷാഫലം പുറത്തുവരുന്നതിന് രണ്ടാഴ്ചമുമ്പാണ് ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിനുശേഷമെങ്കിലും അച്ഛന്‍ മദ്യപാനം ഉപേക്ഷിക്കണമെന്ന് എഴുതിവെച്ചിട്ടാണ് ജീവനൊടുക്കിയത്.

ബുധനാഴ്ചയാണ് തമിഴ്‌നാട്ടിലെ പ്ലസ് ടു ഫലം പുറത്തുവന്നത്. നാമക്കലിലുള്ള സ്വകാര്യ സ്‌കൂളില്‍ പഠിച്ചിരുന്ന ദിനേഷ് 1200-ല്‍ 1024 മാര്‍ക്കോടെ വിജയിച്ചു. കണക്കിനും തമിഴിനും 200-ല്‍ 194 മാര്‍ക്കുണ്ട്. പഠിക്കാന്‍ ഏറെ മിടുക്കനായിരുന്ന ദിനേഷിന്റെ ലക്ഷ്യം ഡോക്ടറാവണമെന്നായിരുന്നു. ഇതിനുവേണ്ടി ദേശീയ യോഗ്യതാ പരീക്ഷ(നീറ്റ്) എഴുതാന്‍ തയ്യാറെടുത്തിരുന്നു. ഹാള്‍ ടിക്കറ്റ് വാങ്ങിയെങ്കിലും പരീക്ഷയ്ക്ക് നാലുദിവസംമുമ്പാണ് ജീവനൊടുക്കിയത്. മുത്തശ്ശിയെ കാണാന്‍ പോകുകയാണെന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ദിനേഷിനെ അടുത്ത ദിവസം റെയില്‍വേ മേല്‍പ്പാലത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

മദ്യപാനിയായ അച്ഛന്‍ തന്റെ ചിതയ്ക്ക് തീകൊളുത്തരുതെന്നും മരണാനന്തരചടങ്ങുകള്‍ ചെയ്യരുതെന്നും ദിനേഷ് ആത്മഹത്യക്കുറിപ്പില്‍ എഴുതിയിരുന്നു. മാതൃസഹോദരനായ മണിയപ്പ ശേഷക്രിയകള്‍ ചെയ്യണമെന്നും കുറിപ്പിലുണ്ടായിരുന്നു. കൂടാതെ, സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ദിനേഷിന് ഒമ്പതു വയസ്സുള്ളപ്പോഴാണ് അമ്മ മരിച്ചത്. കൂലിത്തൊഴിലാളിയായ മാടസ്വാമി മദ്യത്തിനടിമയായിരുന്നത് മകനെ ഏറെ ദുഃഖിപ്പിച്ചു. പ്ലസ് ടു പരീക്ഷയ്ക്കുശേഷം ചെന്നൈയില്‍ ഒരു ചായക്കടയില്‍ ജോലിചെയ്തു. 'നീറ്റ്' എഴുതുന്നതിനുള്ള തയ്യാറെടുപ്പിനായി ജോലിയുപേക്ഷിച്ച് തിരികെപോകുകയായിരുന്നു. ചായക്കടയില്‍ ജോലി ചെയ്ത് സ്വരൂപിച്ച പണവും മാടസ്വാമി മദ്യപിക്കാന്‍ ഉപയോഗിച്ചതില്‍ ദിനേഷ് അതീവദുഃഖിതനായിരുന്നു. മകന്റെ മരണത്തോടെ മനംമാറ്റമുണ്ടായ മാടസ്വാമി മദ്യപാനം ഉപേക്ഷിച്ചെന്ന് ശപഥം ചെയ്തു.