tnചെന്നൈ: മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എന്‍. ശേഷന്റെ ഭാര്യ ജയലക്ഷ്മി (80) ചെന്നൈയില്‍ അന്തരിച്ചു. അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ 11.45-ഓടെയായിരുന്നു അന്ത്യം. പ്രമേഹരോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്ന് മൂന്നുദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമുഖ ഭൗതികശാസ്ത്രജ്ഞനും കേരള സര്‍വകലാശാല വൈസ് ചാന്‍സലറുമായിരുന്ന തൃശ്ശൂര്‍ പുതുക്കാട് രാപ്പാള്‍ ഡോ. ആര്‍.എസ്. കൃഷ്ണന്റെ മകളാണ്. ജനിച്ചത് തൃശ്ശൂരിലായിരുന്നുവെങ്കിലും ജയലക്ഷ്മി പഠിച്ചതും വളര്‍ന്നതും ബെംഗളൂരുവിലാണ്. ഡോ. ആര്‍.എസ്. കൃഷ്ണന്‍ ബെംഗളൂരുവിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലും പ്രവര്‍ത്തിച്ചിരുന്നു.

ടി.എന്‍. ശേഷന്‍ ദിണ്ടിഗല്‍ സബ് കളക്ടറായിരുന്നപ്പോള്‍ 1959-ലായിരുന്നു ജയലക്ഷ്മിയുമായുള്ള വിവാഹം. ഇവര്‍ക്ക് മക്കളില്ല. ആത്മീയകാര്യങ്ങളില്‍ അതിയായ താത്പര്യം കാട്ടിയ ജയലക്ഷ്മി ചെന്നൈയിലെ വീട്ടില്‍ വേദപഠനക്ലാസുകള്‍ നടത്തിയിരുന്നു. ആത്മീയ അനുഭവങ്ങള്‍ വിവരിക്കുന്ന 'ഹാര്‍ട്ട് ഓഫ് ലവ്' എന്ന പുസ്തകം രചിച്ചു. ശവസംസ്‌കാരം ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തില്‍ നടത്തി.