ചെന്നൈ: രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച നടന്‍ രജനീകാന്ത് ഡി.എം.കെ. അധ്യക്ഷന്‍ കരുണാനിധിയെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ആരോഗ്യകാര്യങ്ങള്‍ തിരക്കുന്നതിനും പാര്‍ട്ടി ആരംഭിക്കുന്നതിനുമുമ്പ് അനുഗ്രഹം വാങ്ങുന്നതിനും വേണ്ടിയുള്ള കൂടിക്കാഴ്ചയാണെന്ന് കരുണാനിധിയെ കണ്ടിറങ്ങിയശേഷം രജനി പറഞ്ഞു. ഗോപാലപുരത്തുള്ള കരുണാനിധിയുടെ വീട്ടിലെത്തിയ രജനിയെ ഡി.എം.കെ. വര്‍ക്കിങ് പ്രസിഡന്റ് സ്റ്റാലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

പോയസ് ഗാര്‍ഡനിലെ വീട്ടില്‍നിന്ന് രാത്രി എട്ടുമണിയോടെയാണ് രജനി ഇവിടെ എത്തിയത്. കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടു.

പുതുവത്സരത്തിനും പൊങ്കലിനുമിടയിലുള്ള ദിവസങ്ങളില്‍ ചെന്നൈയിലുണ്ടെങ്കില്‍ കരുണാനിധിയെ സന്ദര്‍ശിക്കുന്നത് രജനിയുടെ പതിവാണ്. എന്നാല്‍, പുതിയ പാര്‍ട്ടി രൂപവത്കരണം പ്രഖ്യാപിച്ചശേഷം നടന്ന കൂടിക്കാഴ്ച എന്ന നിലയിലാണ് ഇപ്പോഴത്തേതിന് പ്രാധാന്യം. രാഷ്ട്രീയപ്രവേശന പ്രഖ്യാപനത്തിനുശേഷം ശ്രീരാമകൃഷ്ണ മഠാധിപതിയെ സന്ദര്‍ശിച്ചിരുന്നു.

ആത്മീയരാഷ്ട്രീയമായിരിക്കും തന്റെ നയമെന്ന് വ്യക്തമാക്കിയ രജനി മതാധിഷ്ഠിത രാഷ്ട്രീയത്തിനാണ് ശ്രമിക്കുന്നതെന്ന വ്യാഖ്യാനം ഇതോടെ ശക്തിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കരുണാനിധിയെ സന്ദര്‍ശിച്ചത്.

രജനിയുടെ സന്ദര്‍ശനത്തില്‍ പുതിയതായി ഒന്നുമില്ലെന്ന് സ്റ്റാലിന്‍ പ്രതികരിച്ചു. ഇതിനുമുന്‍പ് പലതവണ കലൈഞ്ജറെ കാണാന്‍ രജനി വന്നിട്ടുണ്ട്. ഒരാള്‍ സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ സന്തോഷത്തോടെ സ്വീകരിക്കുന്നതാണ് തമിഴ്‌സംസ്‌കാരം. അതുപ്രകാരം രജനിയെ സ്വാഗതം ചെയ്തു. വിജയകാന്ത് പാര്‍ട്ടി ആരംഭിക്കുമ്പോഴും കരുണാനിധിയെ വന്ന് കണ്ടിരുന്നെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

ഇതിനിടെ, രജനിയെ കാണാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചെന്നൈയിലെത്തുമെന്ന് സൂചനയുണ്ട്. കൂടിക്കാഴ്ചയ്ക്ക് കെജ്രിവാള്‍ സമയം ചോദിച്ചെന്നാണ് വിവരം.