ചെന്നൈ: വ്യാജ അഭിഭാഷകരെ പിടികൂടാന്‍ ബാര്‍ കൗണ്‍സില്‍ നടത്തിയ സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ കുടുങ്ങിയത് മുന്‍ മജിസ്‌ട്രേറ്റ്. 21 വര്‍ഷം മജിസ്‌ട്രേറ്റായി പ്രവര്‍ത്തിച്ച മധുര ഉലകനേരിയിലുള്ള പി. നടരാജനാണ് പിടിയിലായത്. ഇയാള്‍ക്ക് അഭിഭാഷകനായി പ്രവര്‍ത്തിക്കാന്‍ പോലുമുള്ള വിദ്യാഭ്യാസ യോഗ്യതയില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് വ്യാജ അഭിഭാഷകരെ കണ്ടെത്താന്‍ ബാര്‍ കൗണ്‍സില്‍ പരിശോധന നടത്തിയത്. മൈസൂരു സര്‍വകലാശാലയ്ക്കുകീഴിലുള്ള ശാരദ ലോ കോളേജില്‍ വിദൂരവിദ്യാഭ്യാസ പദ്ധതിപ്രകാരം ബി.ജി.എല്‍. ബിരുദം നേടിയ നടരാജന്‍ 1982-ലാണ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായത്. എന്നാല്‍, ഈ കോഴ്‌സ് പഠിച്ചവര്‍ക്ക് അഭിഭാഷകനായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലായിരുന്നു. ഇത് മറച്ചുവെച്ചാണ് നിയമനം നേടിയത്. 21 വര്‍ഷത്തോളം മജിസ്‌ട്രേറ്റായി സേവനമനുഷ്ഠിച്ച നടരാജന്‍ 2003-ല്‍ വിരമിച്ചു. അതിനുശേഷം അഭിഭാഷകനായി പ്രവര്‍ത്തിച്ചുവരികയാണ്.

സംസ്ഥാനത്തെ വ്യാജ അഭിഭാഷകരെക്കുറിച്ചുള്ള പരാതികള്‍ വ്യാപകമാകുകയും സുപ്രീംകോടതി മുന്‍പാകെ ഈ വിഷയം എത്തുകയും ചെയ്തതോടെയാണ് സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്താന്‍ നടപടി ആരംഭിച്ചത്. ഇതിനൊപ്പം ബാര്‍ കൗണ്‍സിലിന്റെ യോഗ്യതാപരീക്ഷ വിജയിക്കാത്തവര്‍ക്കെതിരെയും നടപടിയെടുത്തിരുന്നു. ഇതുപ്രകാരം സംസ്ഥാനത്തെ 1025 അഭിഭാഷകരെ ഈ മാസം ആദ്യം വിലക്കിയിരുന്നു.