ചെന്നൈ: തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിലെ ചികിത്സയ്ക്കിടെ എച്ച്.ഐ.വി. ബാധിച്ചെന്ന് കരുതുന്ന പെണ്‍കുട്ടിയുടെ രക്തസാമ്പിള്‍ ചെന്നൈയിലെ ലാബില്‍ പരിശോധനയ്ക്കായി നല്‍കി. താംബരത്തുള്ള സര്‍ക്കാര്‍ തൊറാസിക് മെഡിസിന്‍ സെന്ററിലെ ലാബിലാണ് നല്‍കിയത്. രക്തത്തില്‍ വൈറസിന്റെ തോത് എത്രത്തോളമുണ്ടെന്ന് പരിശാധനയില്‍ വ്യക്തമാകും. നേരത്തേ നടത്തിയ പരിശോധനകളില്‍ പിഴവുണ്ടോയെന്നും ഈ പരിശോധനയിലൂടെ മനസ്സിലാക്കാനാവും. രണ്ടാഴ്ചയ്ക്കുശേഷം പരിശോധനാ ഫലം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വ്യാഴാഴ്ച രാവിലെയാണ് പെണ്‍കുട്ടിയും അച്ഛനും ഡോക്ടര്‍മാരുടെ സംഘവും ചെന്നൈയിലെത്തിയത്. താംബരം സാനിറ്റോറിയത്തിലെ തൊറാസിക് മെഡിക്കല്‍ സെന്ററിലെ ലാബില്‍ രക്തം പരിശോധനയ്ക്ക് നല്‍കിയശേഷം പതിനൊന്നു മണിയോടെ അവര്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു. ആര്‍.സി.സി.യിലെ ചികിത്സയ്ക്കിടെ കുട്ടിക്ക് കുത്തിവെച്ച രക്തഘടകങ്ങളില്‍ നിന്ന് എച്ച്.ഐ.വി. പകര്‍ന്നെന്നാണ് സംശയിക്കുന്നത്.