ചെന്നൈ: രാജ്യദ്രോഹക്കേസില്‍ പ്രതിയായ എ.ഐ.എ.ഡി.എം.കെ. നേതാവ് ടി.ടി.വി. ദിനകരനെ അറസ്റ്റുചെയ്യാന്‍ സേലം പോലീസ് സംഘം ചെന്നൈയില്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി എന്നിവരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ അടങ്ങിയ ലഘുലേഖയുടെ വിതരണവുമായി ബന്ധപ്പെട്ടാണ് ദിനകരന്‍ ഉള്‍പ്പെടെ 37 പേര്‍ക്കെതിരേ കേസെടുത്തത്.

മെഡിക്കല്‍ പ്രവേശനയോഗ്യതാ പരീക്ഷയായ 'നീറ്റി'ല്‍ പരാജയപ്പെട്ട ദളിത് വിദ്യാര്‍ഥിനി അനിതയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തിയായിരുന്നു ലഘുലേഖ. പളനിസ്വാമി സര്‍ക്കാരിന്റെ പരാജയങ്ങള്‍ അക്കമിട്ടു നിരത്തുന്ന ലഘുലേഖയില്‍ എ.ഐ.എ.ഡി.എം.കെ.യുടെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയും അച്ചടിച്ചിരുന്നു.

സെപ്റ്റംബര്‍ 29-ന് മുഖ്യമന്ത്രി സേലം സന്ദര്‍ശിച്ചിരുന്നു. അവിടെ മുഖ്യമന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തിയ ഗസ്റ്റ് ഹൗസിനുമുന്നില്‍ മുന്‍ എം.എല്‍.എ. വെങ്കിടാചലം ഉള്‍പ്പെടെയുള്ളവരാണ് ലഘുലേഖ വിതരണം ചെയ്തത്. സംഭവത്തില്‍ സേലം അസ്തംപ്പട്ടി മണ്ഡലം എ.ഐ.എ.ഡി.എം.കെ. സെക്രട്ടറി ശരവണന്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. നോട്ടീസ് വിതരണം തടുക്കാന്‍ ശ്രമിച്ചപ്പോള്‍ ആയുധങ്ങളുമായി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

പരാതിയില്‍ ദിനകരന്‍, എ.ഐ.എ.ഡി.എം.കെ. കര്‍ണാടക സെക്രട്ടറി പുകഴേന്തി, മുന്‍ എം.എല്‍.എ. വെങ്കിടാചലം, ബെംഗളൂരു സ്വദേശി വെറ്റിവേല്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് കേസെടുത്തത്. വെങ്കിടാചലം ഉള്‍പ്പെടെ നാലുപേരെ അറസ്റ്റുചെയ്തിരുന്നു. പ്രതികളായ ബെംഗളൂരുവിലെ രണ്ടുപേരെത്തേടി പോലീസ് സംഘം അവിടത്തേക്കും തിരിച്ചിട്ടുണ്ട്.