ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയെ അമ്മയെന്ന് വിശേഷിപ്പിക്കാത്തതിനെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകനുനേരേ സഹകരണമന്ത്രി സെല്ലൂര്‍ കെ. രാജുവിന്റെ രോഷപ്രകടനം. മധുരയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത മന്ത്രി ചടങ്ങിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിനല്‍കുന്നതിനിടെയാണ് സംഭവം.
 
മുന്‍ മുഖ്യമന്ത്രി ജയലളിത എന്നുപറഞ്ഞ് ഒരു ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ചോദിക്കാന്‍ ഒരുങ്ങുമ്പോള്‍ മന്ത്രി കോപാകുലനാകുകയായിരുന്നു. ജയലളിതയെ അമ്മയെന്ന് വിശേഷിപ്പിക്കാന്‍ ദേഷ്യത്തോടെ ആവശ്യപ്പെട്ട സെല്ലൂര്‍ രാജു ഇനി തനിക്ക് ഒന്നും പറയാനില്ലെന്നും അറിയിച്ചു. ദൃശ്യമാധ്യമങ്ങളുടെ മൈക്കുകള്‍ തട്ടിമാറ്റിക്കൊണ്ടാണ് അദ്ദേഹം സ്ഥലംവിട്ടത്.
 
ജയലളിതയെ ആസ്​പത്രിയില്‍ ആരും കണ്ടിട്ടില്ലെന്ന വനംവകുപ്പ് മന്ത്രി ദിണ്ടിഗല്‍ ശ്രീനിവാസന്റെ പ്രസ്താവനയെ തിരുത്തിയ സെല്ലൂര്‍ രാജു മുന്‍പും വിവാദങ്ങളില്‍പ്പെട്ടിട്ടുണ്ട്. താനടക്കം എല്ലാ മന്ത്രിമാരും ജയലളിതയെ അപ്പോളോ ആസ്​പത്രിയില്‍ കണ്ടിട്ടുണ്ടെന്നായിരുന്നു രാജുവിന്റെ പ്രസ്താവന. വെള്ളം നീരാവിയാകാതിരിക്കുന്നതിന് പത്തുലക്ഷം രൂപ മുടക്കി നദിയില്‍ തെര്‍മോക്കോള്‍ പാളികള്‍ ഒഴുക്കിയതിന്റെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ ഏറെ പരിഹാസങ്ങള്‍ നേരിടേണ്ടിവന്ന ഇദ്ദേഹം കമല്‍ഹാസനെതിരേ നടത്തിയ പരാമര്‍ശങ്ങളുടെപേരിലും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.