ചെന്നൈ : വിശ്വാസവോട്ടെടുപ്പിനായി തമിഴ്‌നാട്ടില്‍ പ്രതിപക്ഷം മുറവിളി കൂട്ടുന്നതിനിടെ കൂടുതല്‍ എം.എല്‍.എമാര്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പക്ഷത്തേക്ക്.

ചൊവ്വാഴ്ച പളനിസ്വാമി വിളിച്ച നിര്‍ണായക യോഗത്തില്‍ 111 എം.എല്‍.എമാര്‍ പങ്കെടുത്തു. ഫിഷറീസ് മന്ത്രിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഡി.ജയകുമാറാണ് എം.എല്‍.എമാരുടെ എണ്ണം പുറത്തുവിട്ടത്. കൂടുതല്‍ എം.എല്‍.എമാര്‍ യോഗത്തിനെത്തിയത് വിമത ശക്തി ഉയര്‍ത്തിക്കാട്ടി ഭരണം പ്രതിസന്ധിയിലാക്കാനുള്ള ടി.ടി.വി.ദിനകരന്റെ ശ്രമത്തിന് തിരിച്ചടിയായി.

ഓഗസ്റ്റ് 28-ന് പളനിസ്വാമി വിളിച്ച യോഗത്തില്‍ 75 എം.എല്‍.എമാര്‍ മാത്രമാണ് പങ്കെടുത്തിരുന്നത്. 234 അംഗ തമിഴ്‌നാട് നിയമസഭയില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് 134 എം.എല്‍.എമാരാണുള്ളത്. ഭരണം നിലനിര്‍ത്താന്‍ പളനിസ്വാമിക്ക് 117 സാമാജികരുടെ പിന്തുണ വേണം.

യോഗത്തില്‍ പങ്കെടുത്തവരെല്ലാം മുഖ്യമന്ത്രിക്ക് സ്വമേധയാ പിന്തുണയും സഹകരണവുമായി എത്തിയവരാണെന്ന് ഡി. വിജയകുമാര്‍ അവകാശപ്പെട്ടു. ദിനകരന്‍ പക്ഷത്തു നിന്ന് ഒമ്പതു എം.എല്‍.എമാര്‍ കൂടി പളനിസ്വാമി പക്ഷത്തെത്തും. അവര്‍ ഇതിനകം ഫോണില്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പേരാവൂരണി എം.എല്‍.എ. യോഗത്തിനെത്താത്തത് അസുഖം മൂലമാണെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ എ.ഐ.എ.ഡി.എം.കെ. സഖ്യകക്ഷികളില്‍ ഉള്‍പ്പെട്ട മൂന്ന് എം.എല്‍.എമാരും പളനിസ്വാമിക്ക് പിന്തുണ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ജയകുമാര്‍ അറിയിച്ചു.

ദിനകരന്‍ പക്ഷത്ത് ഉറച്ചുനിന്നിരുന്ന തോപ്പു വെങ്കിടാചലം, രത്‌നസഭാപതി എന്നീ എം.എല്‍.എമാരും പളനിസ്വാമിയുടെ യോഗത്തില്‍ പ െങ്കടുത്തതായാണറിയുന്നത്. മുഖ്യമന്ത്രിയുടെ തീരുമാനമാണ് പാര്‍ട്ടിയില്‍ പ്രധാനമെന്ന് യോഗം ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി.

പളനിസ്വാമി വിഭാഗത്തിനൊപ്പമായിരുന്ന എം.പി.മാരായ ബി.സെങ്കുട്ടുവനും എം.ഉദയകുമാറും തിങ്കളാഴ്ച ദിനകരന്‍ പക്ഷത്തിന് പിന്തുണ അറിയിച്ചിരുന്നു. ഇതിനു തൊട്ടുപിറകെയാണ് ചൊവ്വാഴ്ച ഭരണകക്ഷി എം.എല്‍.എമാരുടെ അടിയന്തരയോഗം വിളിച്ചു ചേര്‍ക്കാന്‍ പളനിസ്വാമി തീരുമാനിച്ചത്.

രാഷ്ട്രീയ പടലപ്പിണക്കങ്ങളും ഭരണപ്രതിസന്ധിയും രൂക്ഷമായതിനു ശേഷം പത്തു ദിവസത്തിനുള്ളില്‍ മൂന്നാം തവണയാണ് മുഖ്യമന്ത്രി എം.എല്‍.എമാരുടെ യോഗം വിളിച്ചു ചേര്‍ക്കുന്നത്. പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ സെപ്റ്റംബര്‍ 12-നാണ് വിളിച്ചിരിക്കുന്നത്. എന്നാല്‍ ജനറല്‍ കൗണ്‍സിലില്‍ പങ്കെടുക്കരുതെന്ന് ദിനകരന്‍ എം.എല്‍.എമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം യോഗത്തില്‍ ഭരണകക്ഷിയിലെ 109 എം.എല്‍.എമാര്‍ മാത്രമേ പങ്കെടുത്തിട്ടുള്ളുവെന്നും അതിനാല്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസ വോട്ടെടുപ്പ് ആവശ്യമാണെന്നും ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.