ചെന്നൈ: രാജ്യത്തെ ജനങ്ങളെ ഒറ്റ ആശയത്തിനുകീഴില്‍ കൊണ്ടുവരാനുള്ള ആര്‍.എസ്.എസിന്റെ നീക്കം പരാജയപ്പെടുത്താന്‍ പ്രതിപക്ഷകക്ഷികള്‍ ഒന്നിക്കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

നാനാത്വമാണ് രാജ്യത്തിന്റെ ആത്മാവ്. അതിനെ തകര്‍ക്കാന്‍ ആര്‍.എസ്.എസും ബി.ജെ.പി.യും നടത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന നേതൃത്വയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

ഒരോ സംസ്ഥാനത്തെ ജനത്തിനും അവരുടെതായ ചിന്താരീതിയും പ്രതികരണശൈലിയും ഭക്ഷണശീലങ്ങളുമുണ്ട്. ഈ വ്യത്യസ്തതയാണു ഇന്ത്യയുടെ ശക്തി. ഇതിനെ പോരായ്മയായി കാണാന്‍ സാധിക്കില്ല. ഇന്ത്യ എന്നാല്‍ ഒരായിരം ആശയങ്ങള്‍ ചേരുന്നതാണ്. ഇതുതകര്‍ക്കാന്‍ അനുവദിക്കില്ല - രാഹുല്‍ പറഞ്ഞു. എല്ലാ ഭാഷകളെയും ഒരുപോലെ ബഹുമാനിക്കണമെന്ന്, ഹിന്ദി അടിച്ചേല്‍പ്പിക്കുന്നെന്ന കോണ്‍ഗ്രസ് സഖ്യകക്ഷിയായ ഡി.എം.കെ.യുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം ചെന്നൈയില്‍ ഡി.എം.കെ. അധ്യക്ഷന്‍ കരുണാനിധിയുടെ ജന്മദിന സമ്മേളനത്തില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി അടക്കമുള്ള എന്‍.ഡി.എ. ഇതര കക്ഷിനേതാക്കള്‍ കേന്ദ്രത്തിനെതിരേ പ്രതിപക്ഷം ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നടന്ന സമ്മേളനത്തില്‍ ദൃശ്യമായ ഐക്യം പുതിയ രാഷ്ട്രീയസഖ്യത്തിന്റെ തുടക്കമായിട്ടാണു കരുതപ്പെടുന്നത്.