ബിലാസ്‌പുർ: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ശേഷിക്കെ ഛത്തീസ്ഗഢിൽ കോൺഗ്രസിന്‌ കനത്ത പ്രഹരമേല്പിച്ച്‌ പി.സി.സി. വർക്കിങ് പ്രസിഡന്റും എം.എൽ.എ.യുമായ രാംദയാൽ ഉയികെ ബി.ജെ.പി.യിൽ ചേർന്നു. ദേശീയാധ്യക്ഷൻ അമിത് ഷായുടെയും മുഖ്യമന്ത്രി രമൺ സിങ്ങിന്റെയും സാന്നിധ്യത്തിൽ ബിലാസ്‌പുരിലെ ബി.ജെ.പി. ആസ്ഥാനത്തുവെച്ച്‌ ശനിയാഴ്ചയായിരുന്നു ഉയികെയുടെ പാർട്ടിപ്രവേശം.

പട്ടികവർഗ വിഭാഗക്കാരെ കോൺഗ്രസ് നേതൃത്വം തഴയുകയാണെന്ന്‌ നേരത്തേ വാർത്താസമ്മേളനത്തിൽ ഉയികെ ആരോപിച്ചു. ബിലാസ്‌പുർ മേഖലയിൽനിന്നുള്ള ഗോത്രവർഗ നേതാവായ അദ്ദേഹം 2000-ലാണ് ബി.ജെ.പി. വിട്ട് കോൺഗ്രസിലെത്തിയത്. ബി.ജെ.പി.യിലേക്ക് മടങ്ങാനുള്ള തീരുമാനത്തെ ‘ഘർ വാപസി’ എന്നാണ്‌ ഉയികെ വിശേഷിപ്പിച്ചത്.

സംസ്ഥാനാധ്യക്ഷൻ ഭൂപേഷ് ഭാഗേൽ കഴിഞ്ഞമാസം അശ്ലീല സി.ഡി. വിവാദത്തിൽപ്പെട്ട് ജയിലിലായിരുന്നു. ഇതിനു പിന്നാലെ മറ്റൊരു പ്രമുഖ നേതാവ് മറുകണ്ടം ചാടിയത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ബാധിച്ചേക്കും. എന്നാൽ, അദ്ദേഹത്തിന്റെ തീരുമാനം കോൺഗ്രസിനെ ബാധിക്കില്ലെന്ന് പ്രചാരണവിഭാഗം തലവൻ ശൈലേഷ് നിതിൻ ത്രിവേദി പറഞ്ഞു. കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയിൽനിന്നു പുറത്തായതിനുശേഷം ഉയികെ സന്തോഷവാനായിരുന്നില്ലെന്നാണ് അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

പാലി താനാഖറിൽനിന്നുള്ള എം.എൽ.എ.യായ ഉയികെയെ പട്ടികവർഗ സീറ്റുകളായ മാർവാഹിയിൽനിന്നോ പാലി താനാഖറിൽനിന്നോ മത്സരിപ്പിക്കാനാണ്‌ ബി.ജെ.പി. ശ്രമിക്കുന്നത്. ഉയികെയുടെ ശക്തികേന്ദ്രങ്ങളാണ്‌ ഈ രണ്ടു മണ്ഡലങ്ങളും. 90 അംഗ നിയമസഭയിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നവംബർ 12-നാണ്. 20-നാണ്‌ രണ്ടാംഘട്ടം.