മുംബൈ: മതപ്രബോധകന്‍ സാക്കിര്‍ നായിക്കിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.) ഈയാഴ്ച കുറ്റപത്രം സമര്‍പ്പിച്ചേക്കും. സാമൂഹിക സംഘര്‍ഷത്തിന് വഴിവെക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കു പ്രേരണയേകി, അക്രമത്തെ പ്രോത്സാഹിപ്പിച്ചു, അനധികൃത പണമിടപാട് നടത്തി തുടങ്ങിയ കുറ്റങ്ങളാണ് നായിക്കിനെതിരേ ചുമത്തുക.

കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയതായി എന്‍.ഐ.എ. വൃത്തങ്ങള്‍ അറിയിച്ചു. പ്രത്യേക എന്‍.ഐ.എ. കോടതിയിലാവും അതു നല്‍കുക. കഴിഞ്ഞ വര്‍ഷം ജൂലായില്‍ ബംഗ്ലാദേശിലുണ്ടായ ഭീകരാക്രമണക്കേസിലെ പ്രതികള്‍ തങ്ങള്‍ക്കു പ്രേരണയായത് സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളാണെന്നു പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയതും അദ്ദേഹം രാജ്യം വിട്ടതും.

നായിക്കിന്റെ സന്നദ്ധ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ കേന്ദ്ര സര്‍ക്കാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ടെലിവിഷന്‍ ചാനല്‍ നിരോധിച്ചിട്ടുമുണ്ട്. വിദേശത്തുള്ള നായിക് അന്വേഷണവുമായി സഹകരിക്കാത്തതിനെത്തുടര്‍ന്ന് മുംബൈയിലെ പ്രത്യേക കോടതി അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ സ്വത്തു കണ്ടുകെട്ടാന്‍ നടപടി തുടങ്ങിയിട്ടുമുണ്ട്.

ലഷ്‌കര്‍ ഇ തോയ്ബ, സിമി, ഇസ്!ലാമിക് സ്റ്റേറ്റ്, ഇന്ത്യന്‍ മുജാഹിദീന്‍ തുടങ്ങിയ സംഘടനകളിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ സാകിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ കാരണമായിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. എന്നാല്‍ ഭീകര സംഘടനകളുടെ പ്രവര്‍ത്തകരുമായി നായിക് നേരിട്ടു ബന്ധപ്പെട്ടിട്ടുണ്ടോ എന്നതിന് തെളിവൊന്നും കിട്ടിയിട്ടില്ല. മൂന്നു വര്‍ഷത്തിനിടെ നായിക്കിന്റെ അക്കൗണ്ടിലേക്ക് മൂന്ന് വിദേശ രാജ്യങ്ങളില്‍നിന്നായി 60 കോടിയോളം രൂപയെത്തിയതായി മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.

ഇതിനിടെ നായിക്കിന് സൗദി അറേബ്യ പൗരത്വം നല്‍കിയതായി സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്.