ന്യൂഡൽഹി: ദളിത്-സിഖ് നേതാവും അമരീന്ദർ സിങ് മന്ത്രിസഭയിലെ സാങ്കേതിക-വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ചരൺജിത്ത് സിങ് പഞ്ചാബിലെ അടുത്ത മുഖ്യമന്ത്രി. അംബികാ സോണി, സുനിൽ ഝക്കർ, പ്രതാപ് സിങ് ബാജ്വ, സുഖ്ജിന്ദർ സിങ് രൺധാവ എന്നീ പേരുകൾ പരിഗണിച്ചശേഷം ഞായറാഴ്ച വൈകീട്ടോടെ നാടകീയമായാണ് കോൺഗ്രസ് നിയമസഭ കക്ഷിയോഗം 58-കാരനായ ചന്നിയെ തിരഞ്ഞെടുത്തത്. സംസ്ഥാനത്തെ ആദ്യദളിത് മുഖ്യമന്ത്രിയാകും ചന്നി.

പി.സി.സി. അധ്യക്ഷൻ നവ്ജോത് സിങ് സിദ്ദു, ദേശീയ ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് എന്നിവർക്കൊപ്പം ഗവർണർ ബൽവരിലാൽ പുരോഹിതിനെ സന്ദർശിച്ച ചന്നി മുഖ്യമന്ത്രിയാകാനുള്ള അവകാശവാദം ഉന്നയിച്ചു. തിങ്കളാഴ്ച 11-ന് സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർ അനുമതി നൽകി. രാഹുൽ ഗാന്ധിയും അവസാനനിമിഷം വരെ മുഖ്യമന്ത്രിയാവുമെന്നുറപ്പിച്ചിരുന്ന രൺധാവയും ഉൾപ്പെടെയുള്ളവർ ചന്നിയെ അഭിനന്ദിച്ചു.

33 ശതമാനം ഹിന്ദു ദളിതരുള്ള സംസ്ഥാനത്ത് മൂന്നുമാസത്തിനപ്പുറം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചന്നിയെ മുഖ്യമന്ത്രിയാക്കുന്നത് ഗുണകരമാകുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ ഹൈക്കമാൻഡാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. അകാലിദൾ-ബി.എസ്.പി. സഖ്യം ദളിത് വോട്ടുകൾ കവരുമോ എന്ന ആശങ്കയും ചന്നിക്ക് ഗുണമായി. അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനം ദളിത് നേതാവിനായിരിക്കുമെന്ന് അകാലിസഖ്യവും ദളിത് വിഭാഗത്തിൽ നിന്നാവും മുഖ്യമന്ത്രിയെന്ന് ബി.ജെ.പി.യും പ്രഖ്യാപിച്ചിരുന്നു.

പഞ്ചാബിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ നേതാവായി ചരൺജിത്ത് സിങ് ചന്നിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തെന്ന് നിയമസഭാ കക്ഷിയോഗം കഴിഞ്ഞതിനു പിന്നാലെ സംസ്ഥാനത്തെ പാർട്ടിയുടെ ചുമതലയുള്ള ഹരീഷ് റാവത്ത് ട്വീറ്റ് ചെയ്തു. രണ്ട് ഉപമുഖ്യമന്ത്രിമാരെക്കൂടി നിയമിക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഇതും സാമുദായിക പരിഗണനയുടെ അടിസ്ഥാനത്തിലാകുമെന്നാണ് സൂചന.

ചംകൗർ സാഹിബ് മണ്ഡലത്തിൽനിന്ന് മൂന്നു തവണ എം.എൽ.എ.യായി തിരഞ്ഞെടുക്കപ്പെട്ട ചന്നി സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യപ്പെട്ട എം.എൽ.എ.മാരിൽ ഒരാളാണ്. 2015 മുതൽ 16 വരെ പഞ്ചാബ് നിയമസഭയിൽ പ്രതിപക്ഷ നേതാവുമായിരുന്നു.