ISRO
Photo Courtesy: twitter.com/isro

ബെംഗളൂരു: ഇന്ത്യയുടെ രണ്ടാമത് ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2-ൽ നിന്നുള്ള ആദ്യഘട്ട പര്യവേക്ഷണ വിവരങ്ങൾ ഐ.എസ്.ആർ.ഒ. പുറത്തുവിട്ടു. ലഭിച്ച വിവരങ്ങൾ വിക്ഷേപണത്തിനുമുമ്പുള്ള വാഗ്ദാനങ്ങൾ നിറവേറ്റുന്നതായി സൂചിപ്പിക്കുന്നുവെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു. 2019 ജൂലായ്‌ 22-ന് ശ്രീഹരിക്കോട്ടയിൽനിന്ന് ജി.എസ്.എൽ.വി മാർക്ക് മൂന്നിലായിരുന്നു ചന്ദ്രയാൻ-2 വിക്ഷേപിച്ചത്.

2019 സെപ്റ്റംബർ 2-ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയ ഓർബിറ്ററിലെ എട്ട് പര്യവേക്ഷണ ഉപകരണങ്ങളും (പേലോഡുകൾ) കൃത്യമായി പ്രവർത്തിക്കുകയും ലഭിച്ച വിവരങ്ങൾ അയക്കുകയും ചെയ്യുന്നുണ്ടെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ലഭിച്ച വിവരങ്ങൾ വിശകലനംചെയ്താണ് ആദ്യഘട്ട വിവരങ്ങൾ ആഗോള ബഹിരാകാശശാസ്ത്രസമൂഹത്തിന് സമർപ്പിക്കുന്നതെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു.

ബെംഗളൂരുവിന് സമീപത്തെ ബൈലാലുവിലുള്ള ഇന്ത്യൻ ബഹിരാകാശശാസ്ത്ര ഡേറ്റാ സെന്ററിൽ (ഐ.എസ്.എസ്.ഡി.സി.) ശേഖരിച്ച വിവരങ്ങൾ ആഗോള മാനദണ്ഡപ്രകാരമാണ് തയ്യാറാക്കി സൂക്ഷിച്ചിരിക്കുന്നത്. ഓർബിറ്ററിലെ എട്ടു പര്യവേക്ഷണ ഉപകരണങ്ങളിൽ ഇമേജിങ് ഇൻഫ്രാ റെഡ് സ്‌പെട്രോമീറ്ററിലെ (ഐ.ഐ.ആർ.എസ്.) വിവരങ്ങൾ ഒഴികെ ടെറൈൻ മാപ്പിങ് ക്യാമറ, ഓർബിറ്റർ ഹൈ റെസലൂഷ്യൻ ക്യാമറ തുടങ്ങി ഏഴു പര്യവേക്ഷണ ഉപകരണങ്ങളിൽനിന്നുള്ള വിവരങ്ങളാണ് ശാസ്ത്രീയമായി വിശകലനം ചെയ്ത് പുറത്തുവിട്ടത്.

ഐ.എസ്.എസ്.ഡി.സി.യുടെ ‘പ്രദാൻ പോർട്ടലി’ലൂടെയാണ് വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ചന്ദ്രയാൻ ദൗത്യം പൂർത്തിയായി ഒന്നരവർഷമായപ്പോഴാണ് ആദ്യമായി പര്യവേക്ഷണ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത്. നേരത്തേ ഓർബിറ്ററിലെ ടെറൈൻ മാപ്പിങ് ക്യാമറ പകർത്തിയ ചന്ദ്രോപരിതലത്തിലെ ഗർത്തത്തിന്റെ ചിത്രം ഐ.എസ്.ആർ.ഒ. പുറത്തുവിട്ടിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡർ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള ദൗത്യം പരാജയപ്പെടുകയായിരുന്നു.