ബെംഗളൂരു: ഭൂമിയെയും ചന്ദ്രനെയും ദിവസങ്ങൾ ചുറ്റിയാണ് ചന്ദ്രയാൻ-2 ചരിത്രം കുറിക്കാനൊരുങ്ങുന്നത്. ജൂലായ് 22-നാണ് ജി.എസ്.എൽ.വി. മാർക്ക് മൂന്ന് റോക്കറ്റ് ചന്ദ്രയാനെ ഭൂമിയിൽനിന്ന് 167.9 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചത്. തുടർന്ന് അഞ്ചുതവണ ഭ്രമണപഥമുയർത്തി ഭൂമിയിൽനിന്ന് അകലെയുള്ള സഞ്ചാരപഥത്തിലെത്തിച്ചു.

23 ദിവസമാണ് ചന്ദ്രയാൻ- 2 ഭൂമിയെ ചുറ്റിയത്. ഓഗസ്റ്റ് 14-ന് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി യാത്രതിരിച്ചു. ഇതിനെ ലൂണാർ ഓർബിറ്റ് ഇൻസേർഷൻ എന്നാണ്‌ വിശേഷിപ്പിക്കുന്നത്. അന്ന്, പേടകം ഭൂമിയിൽനിന്ന്‌ കുറഞ്ഞദൂരമായ 276 കിലോമീറ്ററും കൂടിയ ദൂരമായ 1,42,975 കിലോമീറ്ററും ദൂരെയുള്ള പഥത്തിലായിരുന്നു. തുടർന്നാണ്, ചന്ദ്രനെ ലക്ഷ്യമാക്കി യാത്ര തുടങ്ങിയത്. ആറുദിവസംകൊണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചു. ഒാഗസ്റ്റ് 20-ന്‌ ചന്ദ്രന്റെ കുറഞ്ഞ ദൂരമായ 114 കിലോമീറ്ററും കൂടിയ ദൂരമായ 18,072 കിലോമീറ്ററുമുള്ള പഥത്തിലെത്തി.

അഞ്ചുതവണ ഭ്രമണപഥം താഴ്‌ത്തി ചന്ദ്രന്റെ അടുത്തെത്തിച്ചു. സെപ്‌റ്റംബർ രണ്ടിന് ഓർബിറ്ററിൽനിന്ന് ലാൻഡർ ‍(വിക്രം) വേർപ്പെട്ട് യാത്ര തുടങ്ങി. രണ്ടുതവണ ദിശക്രമീകരണം നടത്തി ലാൻഡറിനെ ചന്ദ്രന്റെ കുറഞ്ഞ ദൂരമായ 35 കിലോമീറ്റർ അകലെയുള്ള പഥത്തിലെത്തിക്കുകയായിരുന്നു. 18 ദിവസമാണ് പേടകം ചന്ദ്രനെ ചുറ്റിയത്.

Content Highlights: Chandrayan 2 ISRO lunar exploration mission