ന്യൂഡൽഹി: ചന്ദ്രയാൻ ദൗത്യം പരാജയമാണെന്ന് പറയുന്നത് നീതികേടാണെന്ന് ബഹിരാകാശ വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് രാജ്യസഭയിൽ പറഞ്ഞു.

രണ്ട് തവണയെങ്കിലും ശ്രമിക്കാതെ ഒരു രാജ്യത്തിനും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താൻ സാധിച്ചിട്ടില്ല. എട്ടാം ശ്രമത്തിൽ മാത്രമാണ് യു.എസ്. വിജയിച്ചതെന്നും മന്ത്രി പറഞ്ഞു. സാങ്കേതികമായി വിക്ഷേപണം വിജയമായിരുന്നു. ബഹിരാകാശത്ത് ഇന്ത്യയുടെ ശക്തി വർധിച്ചു. അടുത്ത ചന്ദ്രയാൻ ദൗത്യത്തിന്റെ ചെലവ് കുറയ്ക്കാനും ഇത് സഹായിക്കും. ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണപഥത്തിലെത്തിയത് വിജയമായിരുന്നു. ഓർബിറ്റർ ഇപ്പോഴും അവിടെത്തന്നെയുണ്ട്. അതിനാൽ അടുത്ത ദൗത്യത്തിന് ചെലവ് കുറയ്ക്കാനാകും. ചന്ദ്രന്റെ ഉപരിതല മാപ്പിങ്, റഡാർ അടിസ്ഥാനമാക്കിയുള്ള പഠനങ്ങൾ എന്നിവയ്ക്കെല്ലാം ദൗത്യം ഉപകാരപ്പെടും.

രണ്ടാം മോദി സർക്കാരിന്റെ നൂറാംദിനം കണക്കാക്കി ചന്ദ്രയാൻ ദൗത്യം നടത്തിയത് പരാജയത്തിന് കാരണമായോയെന്നും രാജ്യസഭയിൽ ചോദ്യമുയർന്നു. എ.ഐ.എ.ഡി.എം.കെ.യുടെ വിജില സത്യനാഥ് ഉന്നയിച്ച ആരോപണം മന്ത്രി നിഷേധിച്ചു. ഇത്രയും ശാസ്ത്ര,സാങ്കേതിക മികവോടെ ചെയ്യുന്നകാര്യങ്ങൾ അത്തരത്തിൽ ആസൂത്രണം ചെയ്യാനാവുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: Chandrayan 2 ISRO