ബെംഗളൂരു : ഇന്ത്യയും ഐ.എസ്.ആർ.ഒ.യും അഭിമാനനേട്ടത്തിന്‌ മണിക്കൂറുകൾമാത്രം അകലെ. ഇതുവരെ ആരും എത്തിപ്പെടാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ശനിയാഴ്ച പുലർച്ചെ ഒന്നരയ്ക്കും രണ്ടരയ്ക്കുമിടയിൽ ഇന്ത്യയുടെ ചന്ദ്രയാൻ-രണ്ടിന്റെ ഭാഗമായ ലാൻഡർ ഇറങ്ങും. 47 ദിവസംകൊണ്ട് 3.84 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ലാൻഡർ ലക്ഷ്യത്തിലേക്കെത്തുന്നത്.

ഉത്കണ്ഠനിറഞ്ഞ നിമിഷമെന്ന് ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞർ വിശേഷിപ്പിച്ച ദൗത്യം ലക്ഷ്യത്തിലെത്തുമ്പോൾ അതിന്‌ സാക്ഷിയാവാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഐ.എസ്.ആർ.ഒ.യിലുണ്ടാകും. വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ തിരഞ്ഞെടുത്ത എഴുപതോളം വിദ്യാർഥികളും അദ്ദേഹത്തിനൊപ്പമുണ്ടാകും.

ലാൻഡറിനെ സുരക്ഷിതമായി സാവധാനം ചന്ദ്രനിൽ ഇറക്കുകയെന്നത് സങ്കീർണത നിറഞ്ഞ ദൗത്യമാണെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു. ചന്ദ്രയാൻ-2 ബഹിരാകാശ രംഗത്ത്‌ നാഴികക്കല്ലായിരിക്കുമെന്ന് മംഗൾയാൻ പ്രോഗ്രാം ഡയറക്ടറായിരുന്ന അണ്ണാദുരൈയും വ്യക്തമാക്കി.

ജൂലായ് 22-നാണ് ബാഹുബലി എന്ന വിശേഷണമുള്ള ജി.എസ്.എൽ.വി. മാർക്ക് മൂന്ന് റോക്കറ്റ് 3.8 ടൺ ഭാരമുള്ള ചന്ദ്രയാൻ-2നെ ഭൂമിയുടെ അടുത്തുള്ള ഭ്രമണപഥത്തിലെത്തിച്ചത്. ചന്ദ്രനിൽനിന്ന് കുറഞ്ഞദൂരമായ 45 കിലോമീറ്ററും കൂടിയദൂരമായ 101 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലാണ് ലാൻഡർ ‍(ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങുന്ന പേടകം) സഞ്ചരിക്കുന്നത്.

ഓർബിറ്റർ 96-125 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ചന്ദ്രനെ ചുറ്റുകയാണ്. ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ. ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിലെയും മിഷൻ ഓപ്പറേഷൻ കോംപ്ലക്സിലെയും ശാസ്ത്രജ്ഞർ ലാൻഡറിന്റെ പ്രവർത്തനം വിലയിരുത്തി. എല്ലാം നല്ലനിലയിൽ പ്രവർത്തിക്കുന്നുവെന്നും ലാൻഡറിനെ സുരക്ഷിതമായി ഇറക്കാൻ കഴിയുമെന്നും ഐ.എസ്.ആർ.ഒ. അറിയിച്ചു. ദൗത്യം വിജയിക്കുന്നതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ നേടിയ നേട്ടം രാജ്യത്തിനും സ്വന്തമാകും.

Content Highlights: chandrayaan 2; lunar lander vikram is all set to land on saturday