ബെംഗളൂരു: ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനിടെ ആശയവിനിമയ ബന്ധം നഷ്ടമായ വിക്രം ലാൻഡറിന്റെ പ്രവർത്തന കാലാവധി അവസാനിച്ചു. ചന്ദ്രനിലെ ദക്ഷിണ ധ്രുവം ഇരുട്ടിലേക്ക് നീങ്ങിയതോടെ ലാൻഡറുമായി ഇനി ആശയ വിനിമയ ബന്ധം സ്ഥാപിക്കാനുള്ള സാധ്യത കുറവാണ്.

സെപ്റ്റംബർ ഏഴിന് പുലർച്ചെയാണ് ചന്ദ്രയാൻ- 2 ദൗത്യത്തിന്റെ ഭാഗമായ ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനിടെ ദക്ഷിണധ്രുവത്തിൽ ഇടിച്ചിറങ്ങിയത്. ചന്ദ്രനിലെ പകൽ ദിനം(ഭൂമിയിലെ 14 ദിനം) അവസാനിച്ചതോടെ ലാൻഡറിലെയും ഇതിനുള്ളിലുള്ള റോവറിലെയും ഉപകരണങ്ങളുടെ പ്രവർത്തനം തകരാറിലാകും. അതിനാൽ ഇനിയുള്ള മുഴുവൻ ശ്രദ്ധയും ചന്ദ്രന്റെ ഭ്രമണ പഥത്തിൽ ചുറ്റുന്ന ഓർബിറ്ററിലാണ്. ഗവേഷണത്തിനായുള്ള ഓർബിറ്ററിലെ എട്ട് ഉപകരണങ്ങളും നല്ല നിലയിൽ പ്രവർത്തിക്കുന്നതായി ഐ.എസ്.ആർ.ഒ. അറിയിച്ചു. ചന്ദ്രനെക്കുറിച്ച് ആഴത്തിൽ ഗവേഷണം നടത്താനുള്ള ശേഷി ഉപകരണങ്ങൾക്കുണ്ട്.

ചന്ദ്രയാൻ-2 ദൗത്യം 98 ശതമാനവും വിജയമാണെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു. വിക്രം ലാൻഡറിനെ കണ്ടെത്താനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തതായി ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിനാണ് മുൻഗണന നൽകുന്നത്. എന്നാൽ, ലാൻഡറിൽനിന്നും ആശയവിനിമയ ബന്ധം നഷ്ടമായതിന്റെ കാരണം കണ്ടെത്തുന്നതിനും പ്രാധാന്യം നൽകും. ലാൻഡറുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായെങ്കിലും ചന്ദ്രന്റെ ഉപരിതലത്തിൽ ഇറക്കാനുള്ള സാങ്കേതികതയിൽ വിജയിച്ചിട്ടുണ്ട്.

ആശയവിനിമയ ബന്ധം നഷ്ടമായതിനെക്കുറിച്ച് ശാസ്ത്രജ്ഞരുടെ വിദഗ്‌ധസമിതി വിശകലനം ചെയ്യുകയാണ്. ചന്ദ്രന്റെ 30 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽനിന്നും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ലാൻഡറിന്റെ ഇറക്കത്തിലുള്ള മൂന്നുഘട്ടവും വിജയമായിരുന്നു. അവസാനഘട്ടത്തിൽ നിശ്ചയിച്ച പാതയിൽനിന്ന് വ്യതിചലിച്ച് ലാൻഡർ ഇടിച്ചിറങ്ങുകയായിരുന്നു.

Content Highlights: cant able to establish communication with lander