ബെംഗളൂരു: ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ-2 ചന്ദ്രന്റെ 124 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തി. വെള്ളിയാഴ്ച വൈകുന്നേരം 6.18-ന് 1155 സെക്കൻഡ് എൻജിൻ ജ്വലിപ്പിച്ചാണ് പേടകത്തിന്റെ സഞ്ചാര പഥം താഴ്ത്തിയത്.

ഇപ്പോൾ ചന്ദ്രനിൽനിന്ന് കുറഞ്ഞ ദൂരമായ 124 കിലോമീറ്ററും കൂടിയ ദൂരമായ 164 കിലോമീറ്ററും അകലെയുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ-2.

ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷം വിജയകരമായ നാലാമത്തെ സഞ്ചാരപഥമാറ്റമാണിത്. അടുത്ത ദിശാക്രമീകരണം സെപ്റ്റംബർ ഒന്നിനു വൈകുന്നേരം ആറിനും ഏഴിനുമിടയിൽ നടക്കും. ഇതോടെ ചന്ദ്രന്റെ 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് ലക്ഷ്യം.

സെപ്റ്റംബർ രണ്ടിനു ചന്ദ്രനെ ചുറ്റുന്ന ഓർബിറ്ററിൽ നിന്ന് ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങുന്ന ലാൻഡർ വേർപെടും. ഏഴിനാണ് ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രന്റെ ഉപരിതലത്തിലേക്കുള്ള ഇറങ്ങൽ.

ചന്ദ്രയാൻ-2-ലെ എല്ലാ ഘടകങ്ങളുടെയും പ്രവർത്തനം തൃപ്തികരമാണെന്ന് ഐ.എസ്. ആർ.ഒ. അറിയിച്ചു. പേടകത്തെ നിരീക്ഷിക്കുന്നതും നിയന്ത്രിക്കുന്നതും ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ. ടെലിമെട്രിയിലെ മിഷൻ ഓപ്പറേഷൻ കോപ്ലക്സും ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കുമാണ്.

Content Highlight: Chandrayaan-2 gets closer to Moon