പനജി: ഗോവ മന്ത്രിസഭയിൽ പുതുതായി ഉൾപ്പെടുത്തിയ നാലുമന്ത്രിമാർക്കുമുള്ള വകുപ്പുകൾ തിങ്കളാഴ്ച നൽകുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. മന്ത്രിസഭാംഗമായ മുൻ പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കവ്‌ലേകർ ഉപമുഖ്യമന്ത്രിയാവുമെന്നും അദ്ദേഹം ഞായറാഴ്ച അറിയിച്ചു.

കോൺഗ്രസിൽനിന്നു കൂറുമാറിയെത്തിയ 10 എം.എൽ.എ.മാരിൽ കവ്‌ലേകർ, ജെന്നിഫർ മൊൺസെരാറ്റെ, ഫിലിപ്പ് നേരി റോഡ്രിഗ്‌സ് എന്നിവരെയുൾപ്പെടുത്തി ശനിയാഴ്ചയാണു ഗോവ മന്ത്രിസഭ വികസിപ്പിച്ചത്. ഡെപ്യൂട്ടി സ്പീക്കർ മൈക്കൽ ലോബോയും മന്ത്രിയായിട്ടുണ്ട്. ഗോവ ഫോർവേഡ് പാർട്ടിയിലെ മൂന്നു മന്ത്രിമാരെയും സ്വതന്ത്രനായ മന്ത്രിയെയും ഒഴിവാക്കിയാണ് ഇവരെയുൾപ്പെടുത്തിയത്.

തിങ്കളാഴ്ചയാണു ഗോവ നിയമസഭയുടെ മഴക്കാലസമ്മേളനം തുടങ്ങുന്നത്. മൈക്കൽ ലോബോ മന്ത്രിയായ സ്ഥിതിക്ക് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കു തിരഞ്ഞെടുപ്പു നടക്കുമെന്ന് സ്പീക്കർ രാജേഷ് പട്നേകർ അറിയിച്ചു. ഓഗസ്റ്റ് ഒമ്പതുവരെയാണ് മഴക്കാലസമ്മേളനം.