വിശാഖപട്ടണം: ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം വിശാഖപട്ടണത്തേക്ക് മാറ്റാനുള്ള തീരുമാനത്തിൽ പ്രതിഷേധിക്കാനെത്തിയ ടി.ഡി.പി. നേതാവും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബുനായിഡുവിനെ വിശാഖപട്ടണം വിമാനത്താവളത്തിൽ അറസ്റ്റുചെയ്തു. പിന്നീട് അദ്ദേഹത്തെ പോലീസ് അനുനയിപ്പിച്ച് തിരിച്ചയച്ചു.
വിമാനത്താവളത്തിനുമുന്നിൽ വൈ.എസ്.ആർ. കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധപ്രകടനം വകവെക്കാതെ പുറത്തിറങ്ങാൻ തീരുമാനിച്ചതോടെയാണ് ക്രമസമാധാനപ്രശ്നമുണ്ടാവുമെന്നുപറഞ്ഞ് പോലീസ് നായിഡുവിനെ അറസ്റ്റുചെയ്തത്. അറസ്റ്റിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്ന ആവശ്യവുമായി ചന്ദ്രബാബുനായിഡു അറസ്റ്റിനു വിസമ്മതിച്ചു. തുടർന്ന് രേഖാമൂലം വിവരം നൽകിയശേഷമാണ് അറസ്റ്റുചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുമണിക്കൂറോളം സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നു. നിലവിലെ മുഖ്യമന്ത്രിയായ ജഗൻമോഹൻ റെഡ്ഡി പ്രതിപക്ഷനേതാവായിരുന്നപ്പോൾ രണ്ടുവർഷംമുമ്പ് വിശാഖപട്ടണം വിമാനത്താവളത്തിൽത്തന്നെ ഇതേരീതിയിൽ പ്രതിഷേധപ്രകടനമുണ്ടാവുകയും തിരിച്ചുപോകേണ്ടിവരികയുംചെയ്തിരുന്നു.
വിശാഖപട്ടണത്തിനടുത്തുള്ള പെന്തുർത്തിയിൽ തലസ്ഥാനമാറ്റത്തിനെതിരേ പ്രചാരണം നടത്താനാണ് ചന്ദ്രബാബു എത്തിയത്. വൈ.എസ്.ആർ. കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ വലിയ ജനക്കൂട്ടം ചന്ദ്രബാബുനായിഡു എത്തുന്നതിനുമുമ്പേ വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നു. ഇവർ നായിഡുവിനെ കാറിൽ പുറത്തേക്കുപോകാൻ അനുവദിച്ചില്ല. മൂന്നരമണിക്കൂർ കാറിനുള്ളിൽത്തന്നെ ഇരുന്ന ചന്ദ്രബാബുനായിഡു പിന്നീട് പുറത്തിറങ്ങി കാറിനുപിന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടർന്നായിരുന്നു അറസ്റ്റും തിരിച്ചയക്കലും.
Content Highlights: Chandrababu Naidu Andhra Pradesh