ന്യൂഡൽഹി: ഭൂകമ്പ മാപിനിയിൽ എട്ടോ അതിനുമുകളിലോ തീവ്രത രേഖപ്പെടുത്തിയേക്കാവുന്ന വിനാശകാരിയായ ഭൂകമ്പത്തിന് ഹിമാലയൻ മേഖല സാക്ഷിയായേക്കാമെന്ന് ഗവേഷകർ. ഇത് ഇരുപതാം നൂറ്റാണ്ടിൽ അലൂഷ്യൻ സബ്ഡക്ഷൻ സോണിൽ (അലാസ്ക ഉൾക്കടൽ മുതൽ റഷ്യയിലെ കംചത്ക വരെയുള്ള പ്രദേശം) ഉണ്ടായ വലിയ ഭൂകമ്പങ്ങൾക്ക് സമാനമായിരിക്കാമെന്നും പഠനത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. സീസ്മോളജിക്കൽ റിസർച്ച് ലെറ്റേഴ്സ് ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
ഹിമാലയത്തിനോടു ചേർന്ന് സ്ഥിതിചെയ്യുന്ന ചണ്ഡീഗഢ്, ദെഹ്റാദൂൺ, കാഠ്മണ്ഡു എന്നിവിടങ്ങളിൽ ഭൂകമ്പം വലിയ നാശനഷ്ടങ്ങളുണ്ടാക്കിയേക്കാമെന്നും ഇതിന്റെ പ്രകമ്പനം ഡൽഹി വരെ എത്തിയേക്കാമെന്നും ഗവേഷകർ പറയുന്നു.
അരുണാചൽ പ്രദേശിന്റെ കിഴക്കേ അതിർത്തി മുതൽ പാകിസ്താന്റെ പടിഞ്ഞാറ് വരെ വ്യാപിച്ചുകിടക്കുന്ന ഹിമാലയൻ മേഖലകൾ മുൻകാലങ്ങളിൽ വലിയ ഭൂകമ്പങ്ങളുടെ ഉറവിടമായിരുന്നെന്ന് പഠനം നടത്തിയ സ്റ്റീവൻ ജി. വെസ്നോസ്കി വാർത്താ ഏജൻസിയായ പി.ടി.ഐ.യോടു പറഞ്ഞു. ജിയോളജി പ്രൊഫസറും യു.എസിലെ റെനോയിലെ നെവാഡ സർവകലാശാലയിലെ സെന്റർ ഫോർ നിയോടെക്റ്റോണിക് സ്റ്റഡീസിന്റെ ഡയറക്ടറുമാണ് ഇദ്ദേഹം. ‘‘അത്തരം ഭൂകമ്പങ്ങൾ വീണ്ടും സംഭവിക്കും, നമ്മുടെ കാലത്തുതന്നെ അതുണ്ടാകുമെന്ന് പറയാം’’ -അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഹിമാലയൻ ഭൂകമ്പങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ അവലോകനം ചെയ്തും അത്തരം കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയുമുള്ള പ്രവചനമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചതെന്നു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ പ്രൊഫസർ മിത്ര പറഞ്ഞു.