പട്‌ന: നൂറുകണക്കിന് സ്വാതന്ത്ര്യസമരസേനാനികളെ ആദരിച്ച ചമ്പാരന്‍ സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തില്‍നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വിട്ടുനിന്നതിനെതിരേ വിമര്‍ശനം. ബിഹാറിലെ പട്‌നയില്‍ മഹാത്മാഗാന്ധിയുടെ ചമ്പാരന്‍ സത്യാഗ്രഹത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തെങ്കിലും സിങ് അവസാനനിമിഷം പിന്മാറുകയായിരുന്നു. 1
 
917-ലായിരുന്നു ഗാന്ധിയുടെ ആദ്യ സത്യാഗ്രഹം ചമ്പാരനില്‍ നടന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍നിന്നുള്ള നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിച്ചത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ആര്‍.ജെ.ഡി. അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്, സി.പി.ഐ. നേതാവ് സത്‌നരൈന്‍ സിങ് തുടങ്ങിയവര്‍ പങ്കെടുത്തു.

ആദ്യം വരുമെന്നറിയിച്ചെങ്കിലും സിങ് പിന്നീട് പിന്മാറിയെന്നറിയിച്ചതോടെ ബി.ജെ.പി. പ്രവര്‍ത്തകരൊന്നടങ്കം ചടങ്ങ് ബഹിഷ്‌കരിക്കുകയായിരുന്നു. 'ചടങ്ങ് നിതീഷിനെയും ലാലുവിനെയോ ആദരിക്കാനായിരുന്നില്ല, സ്വാതന്ത്ര്യസമരസേനാനികളെ ആദരിക്കാനായിരുന്നു. ചടങ്ങിനെ ബി.ജെ.പി. രാഷ്ട്രീയവത്കരിക്കുകയാണ്'- ലാലു ആരോപിച്ചു. ചടങ്ങ് ബി.ജെ.പി. ബഹിഷ്‌കരിച്ചുവെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവ് മംഗള്‍ പാണ്ഡെ സമ്മതിച്ചു.

19 സംസ്ഥാനങ്ങളില്‍നിന്നുള്ള 2972 സ്വാതന്ത്ര്യസമരസേനാനികളെയാണ് രാഷ്ട്രപതി ആദരിച്ചത്. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്നതാണ് ചടങ്ങ്. സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണായകപങ്ക് വഹിച്ചവരെ ആദരിക്കുന്നത് അഭിമാനമാണെന്ന് രാഷ്ട്രപതി പറഞ്ഞു.