ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിമാരായി കൊളീജിയം ശുപാർശചെയ്ത ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് അനിരുദ്ധ ബോസിനെയും ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണയെയും നിയമിക്കുന്നതിനെതിരേ വിയോജിപ്പറിയിച്ച് കേന്ദ്രസർക്കാർ.

നിലവിൽ ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് അനിരുദ്ധ ബോസ്. ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് എ.എസ്. ബൊപ്പണ്ണ. കൊളീജിയത്തിന്റെ ശുപാർശ തിരിച്ചയച്ചതിനുള്ള കാരണം വ്യക്തമല്ല. സീനിയോരിറ്റിയും പ്രാദേശിക പ്രാതിനിധ്യവും പരിഗണിച്ചില്ലെന്നതാണ് വിമർശനമെന്നാണ് കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ഹൈക്കോടതി ജഡ്‌ജിമാരുടെ സീനിയോരിറ്റി പട്ടിക അനുസരിച്ച് കൽക്കത്ത ഹൈക്കോടതിയിൽ നിന്നുള്ള ജസ്റ്റിസ് ബോസ് 12-ാം സ്ഥാനത്തും കർണാടക ഹൈക്കോടതിയിൽ നിന്നുള്ള ബൊപ്പണ്ണ 36-ാം സ്ഥാനത്തുമാണ്. നിലവിൽ ജസ്റ്റിസ് ഇന്ദിരാ ബാനർജി മാത്രമാണ് കൽക്കത്ത ഹൈക്കോടതിയെ പ്രതിനിധീകരിച്ച് സുപ്രീം കോടതിയിലുള്ളത്. എന്നാൽ, കർണാടക ഹൈക്കോടതിയിൽനിന്നുള്ള ജസ്റ്റിസ് മോഹൻ എം. ശാന്തനഗൗഡർ, ജസ്റ്റിസ് എസ്. അബ്ദുൾ നസീർ എന്നിവർ നിലവിൽ സുപ്രീം കോടതിയിലുണ്ട്.

Content Highlights: centre returns collegium's recommendation list of judges