ന്യൂഡൽഹി: കേന്ദ്ര ധനവിനിയോഗ വകുപ്പ് നിർദേശിച്ച ബിസിനസ് സൗഹൃദ പരിഷ്കാരങ്ങൾ നടപ്പാക്കിയതിനെത്തുടർന്ന് പൊതുവിപണിയിൽനിന്ന് 2373 കോടി രൂപയുടെ അധികവായ്പയെടുക്കാൻ കേന്ദ്രം കേരളത്തിന് അനുമതി നൽകി. ഈ പരിഷ്കാരങ്ങൾ നടപ്പാക്കുന്ന എട്ടാമത്തെ സംസ്ഥാനമാണ് കേരളം. ആന്ധ്രാപ്രദേശ്, കർണാടക, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന എന്നിവയാണ് മറ്റുള്ളവ.
ജില്ലാതല ബിസിനസ് പരിഷ്കരണ കർമ പദ്ധതി, വിവിധ നിയമങ്ങൾപ്രകാരം ലഭിച്ച ലൈസൻസുകളും അനുമതിരേഖകളും പുതുക്കുന്നത് ഒഴിവാക്കൽ, സ്ഥാപനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട സമ്പ്രദായത്തിൽ സമൂലമാറ്റം തുടങ്ങിയവയാണ് ഈ രംഗത്ത് നടപ്പാക്കിയത്.
കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞകൊല്ലം മേയിലാണ് സംസ്ഥാനങ്ങൾക്ക് ഉപാധികളോടെ രണ്ടുശതമാനം അധികവായ്പ എടുക്കാനുള്ള നിർദേശം കേന്ദ്രം അംഗീകരിച്ചത്. ഒരുരാജ്യം ഒരു റേഷൻ കാർഡ്, ബിസിനസ് സൗഹൃദ പരിഷ്കരണങ്ങൾ, തദ്ദേശസ്ഥാപന പരിഷ്കരണം, വൈദ്യുതി മേഖലയിലെ പരിഷ്കരണം എന്നിവ നടപ്പാക്കണമെന്നായിരുന്നു ഉപാധി.