കൊൽക്കത്ത: റോമിൽ ഒരു സന്നദ്ധ സംഘടന സംഘടിപ്പിക്കുന്ന ലോകസമാധാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന്‌ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കേന്ദ്രം തടഞ്ഞു. തികച്ചും രാഷ്ട്രീയപ്രേരിതമായ നടപടിയാണിതെന്ന് തൃണമൂൽ കോൺഗ്രസ് കുറ്റപ്പെടുത്തി.

ഒക്ടോബർ ആറ്്, ഏഴ് തീയതികളിലായാണ് റോമിൽ ചടങ്ങ് നിശ്ചയിച്ചിരുന്നത്. അതിൽ പങ്കെടുക്കാനുള്ള ക്ഷണം മമത സ്വീകരിക്കുകയും യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, വിദേശമന്ത്രാലയം യാത്രയ്ക്കുള്ള അനുമതി നിഷേധിച്ചുകൊണ്ട് കത്ത് നൽകിയിരിക്കുകയാണ്. ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് പങ്കെടുക്കാൻ അനുയോജ്യമായ ചടങ്ങല്ലിതെന്നാണ് മന്ത്രാലയം ജോയന്റ് സെക്രട്ടറിയുടെ കത്തിൽ പറയുന്നത്.

ഫ്രാൻസിസ് മാർപാപ്പ, ജർമൻ ചാൻസലർ ആംഗേല മെർക്കൽ, കെയ്റോ മസ്ജിദ് ഗ്രാൻഡ് മുഫ്തി തുടങ്ങിയവർക്കും ക്ഷണമുള്ള ചടങ്ങാണ് റോമിലേത്. മദർ തെരേസയെ കേന്ദ്രീകരിച്ചാണ് പരിപാടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രയ്ക്ക് തൊട്ടുപിന്നാലെ ശ്രദ്ധേയമായ ഒരു വിദേശ ചടങ്ങിൽ മമത പങ്കെടുക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് അനുമതി നിഷേധിച്ചതെന്ന് തൃണമൂൽ നേതാക്കൾ കുറ്റപ്പെടുത്തി. നേരത്തേ മമതയുടെ ചൈനായാത്രയും കേന്ദ്രം വിലക്കിയിരുന്നു.