ചെന്നൈ: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജിയെ സ്ഥലം മാറ്റി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് അദ്ദേഹത്തിനു നിയമനം നൽകിയത്. തിങ്കളാഴ്ച രാത്രിയാണ് ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയത്. ജസ്റ്റിസ് സഞ്ജീബ് ബാനർജിയെ സ്ഥലം മാറ്റുന്നതിനെതിരേ മദ്രാസ് ഹൈക്കോടതിയിലെ 250- ഓളം അഭിഭാഷകരും മദ്രാസ് ബാർ കൗൺസിലും സുപ്രീം കോടതി കൊളീജിയത്തിനു കത്തയച്ചിരുന്നു. സ്ഥലം മാറ്റാനുള്ള ശുപാർശ പുനഃപരിശോധിക്കണമെന്നായിരുന്നു ഇതിലെ ആവശ്യം.

ജസ്റ്റിസ് ബാനർജിക്കൊപ്പം ഏഴു ജഡ്ജിമാരെക്കൂടി രാജ്യത്തിന്റെ വിവിധ ഹൈക്കോടതികളിലേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനവും കേന്ദ്ര സർക്കാർ തിങ്കളാഴ്ച പുറത്തിറക്കി. മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനത്തെ കൊൽക്കത്ത ഹൈക്കോടതിയിലേക്കു മാറ്റിയതും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം ജനുവരിയിലാണ് ജസ്റ്റിസ് സഞ്ജീബ് ബാനർജിയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്. പത്തുമാസം മാത്രം നീണ്ട സേവനത്തിനിടയിലാണ് അദ്ദേഹത്തെ സ്ഥലം മാറ്റുന്നത്. സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശപ്രകാരമാണ് നടപടി.