ന്യൂഡൽഹി: തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് കേന്ദ്ര ഏജൻസികൾ സുപ്രീംകോടതിയെ സമീപിച്ചു. കോഫെപോസ പ്രകാരമുള്ള കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.

സാങ്കേതികകാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടിയെന്ന് ഹർജിയിൽ കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതിനെത്തുടർന്ന് സ്വപ്ന സുരേഷ് ജാമ്യത്തിൽ ഇറങ്ങിയിരുന്നു.

കസ്റ്റംസ് കമ്മിഷണർ, സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ ജനറൽ, കോഫെപോസ ജോയന്റ് സെക്രട്ടറി തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. സ്വപ്ന സുരേഷ് തുടർന്നും കള്ളക്കടത്തിൽ ഏർപ്പെടുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കരുതൽ തടങ്കലിലാക്കിയിരുന്നത്. എന്നാൽ, സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കുകയായിരുന്നെന്ന് കേന്ദ്ര ഹർജിയിൽ പറയുന്നു.