കേന്ദ്രസർക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി പത്തു ലക്ഷത്തിലധികം തസ്തികകളിൽ രണ്ടുവർഷത്തോളമായി നിയമനമില്ല. സാമ്പത്തികപ്രതിസന്ധി കാരണമാണ് ഒഴിവുകൾ നികത്താത്തതെന്നാണ് ഉദ്യോഗസ്ഥവൃത്തങ്ങൾ നൽകുന്ന സൂചന. കേരളത്തിലെ 34.99 ലക്ഷം പേരടക്കം 4.29 കോടി യുവാക്കൾ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽ തൊഴിലിനായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുമ്പോഴാണ് കേന്ദ്രസർക്കാരിന്റെ നിയമന നിരോധനം.

റെയിൽവേ ഉൾപ്പെടെയുള്ള 73 മന്ത്രാലയങ്ങളിലായി 2018 ഫെബ്രുവരി വരെ 6,83,823 ഒഴിവുകളാണുണ്ടായിരുന്നത്. ഇതിൽ 25,544 സംവരണ സീറ്റുകളാണ്. ഒ.ബി.സി.-10,859, പട്ടികജാതി-7782, പട്ടികവർഗം-6903 എന്നിങ്ങനെയാണിത്. സംവരണ വിഭാഗങ്ങളിലെ ഒഴിവുകൾ നികത്താൻ ശ്രമം നടക്കുന്നുണ്ട്. ഇപ്പോൾ യഥാക്രമം 1773, 1713, 2530 ഒഴിവുകളാണ് ബാക്കിയുള്ളത്.

2019 മാർച്ച് വരെ റെയിൽവേയിൽ 3,03,911 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ ഒഴിവുകൾ നികത്തിയിട്ടില്ല. 36,436 പേരുടെ നിയമനങ്ങൾ അന്തിമഘട്ടത്തിലാണെങ്കിലും മറ്റ് ഒഴിവുകളിലേക്കുള്ള നിയമന നടപടികൾ വൈകുകയാണ്. കേന്ദ്രീയ വിദ്യാലയങ്ങളിലും ഐ.ഐ.ടി. പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒട്ടേറെ ഒഴിവുകൾ നികത്താതെ കിടപ്പുണ്ട്. 40 കേന്ദ്രീയവിദ്യാലയങ്ങളിലായി 6688-ഉം ഇഗ്നോയിൽ 190-ഉം അധ്യാപക ഒഴിവുകളാണ് കഴിഞ്ഞമാസം വരെ റിപ്പോർട്ടുചെയ്തത്. 23 ഐ.ഐ.ടി.കളിലായി 3709 അധ്യാപക ഒഴിവുകളുമുണ്ട്.

പ്രതിരോധമേഖലയിൽ മൂന്നു ലക്ഷത്തിലധികം ഒഴിവുകളുണ്ട്. കര, നാവിക, വ്യോമസേനകളിലായി 3,11,063 ഒഴിവുകളാണുള്ളത്. യൂണിഫോമിതര തസ്തികകളിൽ ഗസറ്റഡ് ഓഫീസർമാരുടെ 3782, ഓഫീസർമാരുടെ 34,289, ഡ്രൈവർമാരുൾപ്പെടെയുള്ള മറ്റു ജോലിക്കാരുടെ 2,01,669 ഒഴിവുകളാണ് നികത്തേണ്ടത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇതു വൈകുമെന്ന സൂചന സംയുക്തസേനാ മേധാവിയായി ചുമതലയേറ്റ സന്ദർഭത്തിൽ ജനറൽ ബിപിൻ റാവത്ത് നൽകിയിരുന്നു.

മിക്ക മന്ത്രാലയങ്ങളിലും രണ്ടു വർഷത്തോളമായി നിയമനം പേരിനുമാത്രമാണ്. സ്ഥിരനിയമനം നൽകുന്നതിനുപകരം ക്ലാർക്ക്, അറ്റൻഡർ തസ്തികകൾ പുറംകരാർ നൽകുകയാണിപ്പോൾ. ബ്രൈറ്റ് ഹെവൻ, വിന്റേജ് പോലുള്ള കമ്പനികൾക്കാണ് വിവിധ മന്ത്രാലയങ്ങളിലെ തൊഴിൽ പുറംകരാർ നൽകിയിട്ടുള്ളത്. 10,000 മുതൽ 18,000 വരെ രൂപയാണ് ഇവർ ശമ്പളം നൽകുന്നത്. അതും മാസം പകുതി ആവുമ്പോൾ മാത്രമാണ് നൽകുന്നതെന്ന് പരാതിയുണ്ട്. കേന്ദ്രസർക്കാർ ജോലി എന്ന പ്രതിച്ഛായ ലഭിക്കുന്നതിനാലാണ് മിക്കവരും ചെറിയ ശമ്പളത്തിനു പിടിച്ചു നിൽക്കുന്നതെന്ന് ഗ്രാമവികസനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

കേന്ദ്ര ഒഴിവുകൾ

വകുപ്പ്  - ഒഴിവ്

മന്ത്രാലയങ്ങൾ 6,83,823

റെയിൽവേ 3,03,911

സൈന്യം 3,11,063

കേന്ദ്രീയവിദ്യാലയം 6688

Content Highlights: Central Government Ban on recruitment