ന്യൂഡൽഹി: ചരക്ക്-സേവന നികുതി (ജി.എസ്.ടി)യുടെ നഷ്ടപരിഹാരത്തുക കുടിശ്ശികയിൽ കേരളത്തിന് 4122.27 കോടി രൂപ കേന്ദ്രം അനുവദിച്ചു. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ സംസ്ഥാനത്തിന് ഇത് വലിയ ആശ്വാസമാകും. 2020-21 സാമ്പത്തികവർഷം ലഭിക്കേണ്ട 4524 കോടി രൂപ നഷ്ടപരിഹാരത്തിൽനിന്നാണ് ഈ തുക അനുവദിച്ചത്.

സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യാഴാഴ്ച രാവിലെ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനെക്കണ്ട് ജി.എസ്.ടി. നഷ്ടപരിഹാരത്തുക അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അടിയന്തരമായി പരിഹരിക്കുമെന്ന് കേന്ദ്ര മന്ത്രി കൂടിക്കാഴ്ചയിൽ ഉറപ്പ് നൽകി. വൈകീട്ട് തുക അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പ്രഖ്യാപനവുമെത്തി. നിരന്തരമായി കേരളം ഉന്നയിച്ചുവരുന്ന ആവശ്യമാണെന്നും വൈകിയെങ്കിലും അനുവദിച്ചത് സ്വാഗതാർഹമെന്നും മന്ത്രി ബാലഗോപാൽ പ്രതികരിച്ചു.

കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമായി 75,000 കോടി രൂപയാണ് ജി.എസ്.ടി. നഷ്ടപരിഹാരത്തുക കുടിശ്ശിക ഇനത്തിൽ വ്യാഴാഴ്ച കേന്ദ്ര ധനമന്ത്രാലയം നൽകിയത്. കോവിഡ് പ്രതിസന്ധി കാരണമുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് മൊത്തം കുടിശ്ശികയുടെ പകുതി തുക ഒറ്റത്തവണയായി നൽകുകയാണെന്ന് ധനമന്ത്രാലയം പറഞ്ഞു. രണ്ട് മാസം കൂടുമ്പോൾ സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ ഈ തുക മാസങ്ങളായി കുടിശ്ശികയായിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ജി.എസ്.ടി. കൗൺസിൽ യോഗത്തിലടക്കം പലവട്ടം ഈ ആവശ്യമുന്നയിച്ചു. കേന്ദ്രം കടം വാങ്ങിയാണ് സംസ്ഥാനങ്ങൾക്ക് കുടിശ്ശിക നൽകുന്നതെന്ന് ധനമന്ത്രാലയം പറഞ്ഞു.

ജി.എസ്.ടി. നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് കേരളം

കേരളത്തിന്റെ വിവിധ സാമ്പത്തിക വിഷയങ്ങൾ കേന്ദ്ര ധനമന്ത്രിയുമായി ചർച്ച ചെയ്തതായി മന്ത്രി ബാലഗോപാൽ വ്യാഴാഴ്ച കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളം ഉന്നയിച്ച വിഷയങ്ങളോട് പൊതുവേ അനുഭാവപൂർണമായ നിലപാടാണ് നിർമലാ സീതാരാമൻ സ്വീകരിച്ചത്. ഓണത്തിനുശേഷം ധനമന്ത്രി കേരളം സന്ദർശിക്കും.

ജി.എസ്.ടി. നഷ്ടപരിഹാര കാലാവധി അഞ്ച്‌ വർഷംകൂടി നീട്ടണമെന്ന് കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ജി.എസ്.ടി. കൗൺസിലിൽ ചർച്ച ചെയ്യാമെന്ന് മന്ത്രി നിർമല അറിയിച്ചു. സംസ്ഥാനങ്ങളുടെ വാർഷിക വായ്പാ പരിധി ഉപാധികളില്ലാതെ സംസ്ഥാന ജി.ഡി.പി.യുടെ അഞ്ച് ശതമാനമായി വർധിപ്പിക്കണമെന്നും മന്ത്രിയോട് കേരളം ആവശ്യപ്പെട്ടു. അര ശതമാനത്തിന് ഊർജമേഖലയിൽ പരിഷ്കരണങ്ങൾ ഏർപ്പെടുത്തണമെന്ന ഉപാധിയോട് സംസ്ഥാനത്തിനുള്ള എതിർപ്പ് അറിയിച്ചു. എന്നാൽ ഉപാധി ഒഴിവാക്കണമെന്ന ആവശ്യത്തോട് കേന്ദ്ര ധനമന്ത്രി അനുകൂല നിലപാടല്ല സ്വീകരിച്ചതെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു.

ചെറുകിട ബിസിനസുകാർ, വ്യാപാരികൾ തുടങ്ങിയവർ കടുത്ത പ്രതിസന്ധിയിലാണ്. ഇവർക്ക് പലിശ കുറഞ്ഞ വായ്പ ഉൾപ്പെടെ സഹായ പദ്ധതി പ്രഖ്യാപിക്കണം. ഇവരെ മുൻഗണനാ മേഖല വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് നിർമലാ സീതാരാമൻ ഉറപ്പ് നൽകി. ഇതിനായി ഒന്നരലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ മൈക്രോ ഫിനാൻസ് മുഖേന ഒന്നര ലക്ഷം രൂപവരെ വ്യക്തിഗത വായ്പ സെക്യൂരിറ്റിയില്ലാതെ നൽകാൻ നടപടിയുണ്ടായിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കുടുംബശ്രീക്കും വനിതാ തൊഴിലാളികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

വായ്പകൾക്ക് മൊറട്ടോറിയമില്ലാത്തതിനാൽ,ധനകാര്യ സ്ഥാപനങ്ങൾ ജനങ്ങളെ പീഡിപ്പിക്കുന്ന സ്ഥിതിയുണ്ട്. അതിനാൽ വായ്പകൾക്ക് ഡിസംബർ വരെയെങ്കിലും മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ആർ.ബി.ഐ.യാണെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയിൽ സംസ്ഥാന ധനകാര്യസെക്രട്ടറി രാജേഷ് കുമാർ സിങ്ങും പങ്കെടുത്തു.

Content Highlights: Center sanctioned 4122 crore GST dues to Kerala