ന്യൂഡൽഹി: സ്വാശ്രയ പാക്കേജിന്റെ ഭാഗമായി കേരളമുൾപ്പെടെ ആറു സംസ്ഥാനങ്ങളുടെ വായ്പപ്പരിധി മൂന്നിൽനിന്ന് അഞ്ചുശതമാനമാക്കി കേന്ദ്രസർക്കാർ ഉയർത്തി. കേന്ദ്രം നിർദേശിച്ച നാലു പരിഷ്‌കരണപദ്ധതികൾ പൂർത്തിയാക്കിയ ഗോവ, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, ഒഡിഷ, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളുടെ വായ്പപ്പരിധിയാണ് ഉയർത്തിയത്. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നുശതമാനമായ 27,130 കോടിയായിരുന്നു കേരളത്തിന് കഴിഞ്ഞവർഷം കടമെടുക്കാമായിരുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ ദുർബലമാവുന്ന സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവർഷം മേയ് 16-നാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ വായ്പപ്പരിധി വർധന സംസ്ഥാനങ്ങൾക്കായി പ്രഖ്യാപിച്ചത്.

എന്നാൽ, ഒരുരാജ്യം ഒരു റേഷൻകാർഡ്, ഈസ് ഓഫ് ഡൂയിങ് ബിസിനസ്, ഊർജവിതരണം, പ്രാദേശിക ഭരണകൂടങ്ങളുടെ വരുമാനം എന്നിവ അടിസ്ഥാനമാക്കി മാത്രമേ ഇതനുവദിക്കൂ എന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ആദ്യ അരശതമാനം എല്ലാ സംസ്ഥാനങ്ങൾക്കും നിരുപാധികമായി വർധിപ്പിച്ചുനൽകി. പിന്നീട് ഓരോ പരിഷ്‌കാരവും നടപ്പാക്കിയപ്പോൾ കാൽശതമാനംവീതം കൂട്ടി. എല്ലാ പരിഷ്‌കാരങ്ങളും പൂർത്തിയാക്കിയതിനു പിന്നാലെയാണ് അവസാന അരശതമാനംകൂടി ആറു സംസ്ഥാനങ്ങൾക്കും വർധിപ്പിച്ചത്.