ന്യൂഡൽഹി: പാർലമെന്റിൽ വർഷകാലസമ്മേളനം എല്ലാ ജനാധിപത്യ മര്യാദകളും ചട്ടങ്ങളും ലംഘിച്ചാണ് നടക്കുന്നതെന്ന് ഇടതുപക്ഷ എം.പി.മാർ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച പ്രശ്നങ്ങൾ അംഗീകരിക്കാതെയും ചർച്ചകൾ ഇല്ലാതെയും ബില്ലുകൾ പാസാക്കുകയാണ് കേന്ദ്രസർക്കാരെന്ന് അവർ ചൂണ്ടിക്കാട്ടി.

സമ്മേളനം തുടങ്ങുംമുമ്പുനടന്ന ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ പെഗാസസ്, കാർഷികനിയമം, വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തികപ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യണമെന്നും പെഗാസസ് വിഷയത്തിൽ പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ മറുപടി പറയണമെന്നും ആവശ്യപ്പെട്ടിരുന്നതായി എളമരം കരീം എം.പി. പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്നും സർക്കാരും പ്രതിപക്ഷനേതാക്കളും കൂടിയാലോചിച്ച് ധാരണയിലെത്തണമെന്നും രാജ്യസഭാ ഉപാധ്യക്ഷൻ പറഞ്ഞെങ്കിലും ഇരുസഭകളുടെയും നേതാക്കൾ ഇക്കാര്യത്തിൽ ചർച്ചയ്ക്ക് തയ്യാറായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സമ്മേളനത്തിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി നൽകിയ വാക്ക് സഭയിൽ സർക്കാർ പാലിക്കുന്നില്ലെന്ന് സി.പി.ഐ. അംഗം ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ആദ്യദിനം എല്ലാവരും പ്രതീക്ഷയോടെയാണ് പോയത്. പ്രധാനമന്ത്രി വല്ലപ്പോഴുമൊക്കെയാണ് വരുന്നതെന്നതാണ് കാരണം. സഭ പിരിയുന്നതിന്റെ അവസാന 10 മിനിറ്റിലാണ് അദ്ദേഹമെത്തിയത്. ജനങ്ങളെ ബാധിക്കുന്ന ഏതുവിഷയവും ഉന്നയിക്കാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, പറഞ്ഞപോലെ ഈ സഭയിൽ സർക്കാർ വാക്കുപാലിക്കുന്നില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.

വിവിധ വിഷയങ്ങളിൽ സംസാരിക്കാനുള്ള അംഗങ്ങളുടെ അവകാശങ്ങൾ കേന്ദ്രസർക്കാർ ഹനിക്കുകയാണെന്ന് ലോക് താന്ത്രിക് ജനതാദൾ അംഗം എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. പെഗാസസ്, വിലക്കയറ്റം, കാർഷിക നിയമങ്ങൾ എന്നിവയിൽ ചർച്ച നടത്തണമെന്ന പ്രതിപക്ഷപാർട്ടികളുടെ ആവശ്യം സർക്കാർ നിരാകരിച്ചു. ഏതെങ്കിലും അംഗത്തിന് എതിർപ്പുണ്ടെങ്കിൽപോലും അതുപറയാൻ അവസരം കിട്ടുന്നില്ല. ദേശീയസുരക്ഷ അടക്കമുള്ള വിഷയങ്ങളിൽ സംസാരിക്കാനെഴുന്നേൽക്കുന്ന പ്രതിപക്ഷ അംഗങ്ങളെ അതിനനുവദിക്കാത്ത അവസ്ഥയാണ്. ഏഴുവർഷമായി ബില്ലുകൾ പാർലമെന്ററി കമ്മിറ്റികൾക്കോ സെലക്ട് കമ്മിറ്റികൾക്കോ വിടുന്നത് വളരെ കുറഞ്ഞു. പാർലമെന്റ് സ്തംഭനത്തിന് സർക്കാർ പ്രതിപക്ഷത്തെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. എന്നാൽ, പ്രശ്നങ്ങൾക്കുകാരണം സർക്കാരിന്റെ മനോഭാവമാണെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു.

എം.പി.മാരായ കെ. സോമപ്രസാദ്, എ.എം. ആരിഫ്, ജോൺ ബ്രിട്ടാസ്, ഡോ. വി. ശിവദാസൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.