ബെംഗളൂരു: കർണാടകം നെഞ്ചേറ്റിയ നടൻ പുനീത് രാജ്കുമാറിന് സ്മരണാഞ്ജലിയർപ്പിച്ച് ബെംഗളൂരുവിൽ താരസംഗമം. സാൻഡൽവുഡ് ഫിലിം ആക്ടേഴ്‌സ് ആൻഡ് ടെക്‌നീഷ്യൻസ് അസോസിയേഷന്റെ സഹകരണത്തോടെ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സാണ് സംഗമം സംഘടിപ്പിച്ചത്.

ബെംഗളൂരു പാലസ് മൈതാനിയിൽ ‘പുനീത് നമന’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ കന്നഡ, തമിഴ്, തെലുങ്ക് സിനിമാ നടീനടന്മാരും മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മന്ത്രിമാർ, പുനീതിന്റെ കുടുംബാംഗങ്ങൾ എന്നിവരും പങ്കെടുത്തു.

പുനീതുമായി അടുത്ത ബന്ധമുള്ളവർ അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ വിതുമ്പി. കേട്ടിരുന്നവരും കണ്ണീർതുടച്ചു. പുനീത് അഭിനയിച്ച സിനിമകളിലെ ഗാനങ്ങൾ ഗായകർ ആലപിച്ചു. പുനീതിന് മരണാനന്തര ബഹുമതിയായി കർണാടക രത്ന പുരസ്കാരം നൽകുമെന്ന് സംഗമത്തിന് തിരിതെളിയിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. അദ്ദേഹത്തിന്റെ പേരിൽ ദേശീയതലത്തിൽ പുരസ്കാരമേർപ്പെടുത്തുന്ന കാര്യം അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കർണാടക സർക്കാരിന്റെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ കർണാടക രത്ന ലഭിക്കുന്ന പത്താമത്തെ വ്യക്തിയാകും പുനീത്. അദ്ദേഹത്തിന്റെ അച്ഛനും നടനുമായ ഡോ. രാജ്കുമാറിനാണ് ഈ ബഹുമതി ആദ്യം ലഭിച്ചത്.

പുനീതിന് മരണാനന്തരബഹുമതിയായി പദ്‌മശ്രീ പുരസ്കാരം നൽകണമെന്ന് ആവശ്യമുയർന്നിരുന്നു. കണ്ഠീരവ സ്റ്റുഡിയോയിലെ പുനീതിന്റെ അന്ത്യവിശ്രമസ്ഥലം ഡോ. രാജ്കുമാറിന്റേതിന് സമാനമായി വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ, മന്ത്രിമാരായ ആർ. അശോക്, അശ്വത് നാരായൺ, കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ, നടന്മാരായ പ്രകാശ് രാജ്, ദർശൻ, വിശാൽ, നടിമാരായ ജയമാല, സുധാറാണി, രാഗിണി ദ്വിവേദി, പുനീതിന്റെ സഹോദരന്മാരും നടന്മാരുമായ ശിവരാജ്കുമാർ, രാഘവേന്ദ്ര എന്നിവർ പങ്കെടുത്തു. ഒക്ടോബർ 29-നാണ് പുനീത് രാജ്കുമാർ അന്തരിച്ചത്.