
ന്യൂഡൽഹി: സ്കൂളുകൾക്ക് അഫിലിയേഷൻ നൽകുന്നതിനുൾപ്പെടെയുള്ള നടപടിക്രമങ്ങൾ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ. ഡിജിറ്റലാക്കുന്നു. 2006 മുതൽ ഓൺലൈനായി നടക്കുന്ന കാര്യങ്ങൾ വിപുലമായതോതിൽ പുനഃക്രമീകരിക്കുകയാണ് ചെയ്യുന്നത്. പുതിയ സംവിധാനം മാർച്ച് ഒന്നിന് നിലവിൽവരും. പുതിയ ദേശീയ വിദ്യാഭ്യാസനയത്തിലെ ശുപാർശകൾ അനുസരിച്ചാണിതെന്ന് സി.ബി.എസ്.ഇ. സെക്രട്ടറി അനുരാഗ് ത്രിപാഠി പറഞ്ഞു.
പുതുക്കിയ സമയക്രമം അനുസരിച്ച് അഫിലിയേഷന് പുതുതായി അപേക്ഷിക്കുന്നതിനും സ്കൂളുകൾ അപ്‌ഗ്രേഡ് ചെയ്യുന്നതിനും മൂന്ന് ഘട്ടങ്ങളിലായാണ് അവസരം നൽകുന്നത്. മാർച്ച് ഒന്നുമുതൽ 31 വരെ, ജൂൺ ഒന്നുമുതൽ 30 വരെ, സെപ്റ്റംബർ ഒന്നുമുതൽ 30 വരെ എന്നിങ്ങനെയാണത്. അംഗീകാരത്തിന്റെ കാലാവധി ദീർഘിപ്പിക്കുന്നതിനുള്ള അപേക്ഷകൾ എല്ലാവർഷവും മാർച്ച് ഒന്നുമുതൽ മേയ് 31 വരെ സ്വീകരിക്കും. കൂടുതൽ കോഴ്‌സുകൾ, സ്കൂളിന്റെ പേര് മാറ്റം, ട്രസ്റ്റുകളുടെ മാറ്റങ്ങൾ തുടങ്ങിയവയ്ക്കുള്ള അപേക്ഷകൾ വർഷം മുഴുവൻ സ്വീകരിക്കും.
content highlights: cbse on school digitalisation