ന്യൂഡൽഹി: സി.ബി.എസ്.ഇ. 10, 12 ക്ലാസ് പരീക്ഷകൾ മേയ് നാലിന് തുടങ്ങും. പത്താം ക്ലാസ് പരീക്ഷ ജൂൺ ഏഴിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂൺ 11-നും അവസാനിക്കുമെന്നും സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ‍(സി.ബി.എസ്.ഇ.) അറിയിച്ചു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ രാവിലെയും ഉച്ചയ്ക്കും രണ്ടുഷിഫ്റ്റുകളിലായാണ് നടത്തുക. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയും 2.30 മുതൽ വൈകീട്ട് 5.30 വരെയും. പ്രാക്ടിക്കൽ പരീക്ഷ മാർച്ച് ഒന്നുമുതൽ ആരംഭിക്കും.

പരീക്ഷാഫലം ജൂൺ 15-ന് പ്രഖ്യാപിക്കും. 34 ലക്ഷം വിദ്യാർഥികളാണ് ഈ വർഷം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പരീക്ഷാസമയപട്ടിക പുറത്തുവിട്ടുകൊണ്ട് വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാൽ പറഞ്ഞു. പരീക്ഷ സംബന്ധിച്ച വിശദവിവരങ്ങൾ www.cbse.gov.in എന്ന വെബ്സൈറ്റിൽ.

Content Highlights: CBSE 10, 12 examination