ന്യൂഡൽഹി: ചോദ്യക്കടലാസ് ചോർച്ച തടയുന്നതിനായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ.) ടെക് ഭീമൻ മൈക്രോസോഫ്റ്റുമായി കൈകോർത്തു. ചോദ്യക്കടലാസ് ചോർച്ച തടയുന്നതിന് സി.ബി.എസ്.ഇ.യ്ക്കുവേണ്ടി നൂതന സങ്കേതം വികസിപ്പിച്ചതായി മൈക്രോസോഫ്റ്റ് ഇന്ത്യ (റിസർച്ച് ആൻഡ് ഡെവലപ്മെന്റ്) മാനേജിങ് ഡയറക്ടർ അനിൽ ബൻസാലി പറഞ്ഞു.
മൂന്നുമാസംകൊണ്ടാണ് ഇതു യാഥാർഥ്യമായത്. ഈ വർഷം പത്താം ക്ലാസിലെ ഗണിതശാസ്ത്ര ചോദ്യക്കടലാസും പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്സ് ചോദ്യക്കടലാസും ചോർന്നതിനെത്തുടർന്ന് സി.ബി.എസ്.ഇ. കടുത്ത വിമർശനത്തിനിരയായിരുന്നു. രാജ്യത്ത് 20,299 സ്കൂളുകളാണ് സി.ബി.എസ്.ഇ. യുടെ കീഴിലുള്ളത്.
ഡിജിറ്റൽ രൂപത്തിലുള്ള ചോദ്യക്കടലാസുകൾക്ക് എൻക്രിപ്റ്റഡ് സുരക്ഷാ പരിഹാരമാർഗമാണ് വികസിപ്പിച്ചത്. ചോദ്യക്കടലാസ് ഡൗൺലോഡ് ചെയ്യുന്നതുവരെ ചോർത്താനാവില്ല. ഡൗൺലോഡ് ചെയ്യുന്നതിനു അനുമതി കൊടുത്തതിനുശേഷം (പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ്) ചോദ്യക്കടലാസ് ചോർന്നാൽ അത് ദുരുപയോഗം കാരണമായിരിക്കും. ഓരോ പരീക്ഷാകേന്ദ്രത്തിനുമുള്ള ചോദ്യക്കടലാസ് വാട്ടർമാർക്ക് ചെയ്തതിനാൽ വളരെ എളുപ്പത്തിൽ തിരിച്ചറിയുന്നതിന് പുതിയ സംവിധാനം സഹായിക്കും-ബൻസാലി പറഞ്ഞു.
മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ വിൻഡോസ് 10, ഓഫീസ് 365 എന്നിവയിൽ പുതിയ സംവിധാനമുപയോഗിച്ച് മുഴുവൻ നടപടികളും നിരീക്ഷിക്കാൻ പരീക്ഷയുടെ ചുമതലയുള്ളയാൾക്കു കഴിയും.