ചെന്നൈ: സ്വർണ ഇറക്കുമതി സ്ഥാപനത്തിൽ എട്ടുവർഷം മുമ്പ് നടത്തിയ പരിശോധനയിൽ സി.ബി.ഐ. പിടിച്ചെടുത്ത 400 കിലോ സ്വർണത്തിൽ 103 കിലോ സ്വർണം കാണാനില്ല. ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വർണം, വെള്ളി ഇറക്കുമതി സ്ഥാപനമായ സുരാന കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് പിടിച്ചെടുത്ത 45 കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വർണമാണ് കാണാതായത്.

കമ്പനിയുടെ ലോക്കറുകളിൽ തന്നെയാണ് ഇതു സൂക്ഷിച്ചിരുന്നത്. ലോക്കറുകളുടെ താക്കോൽ സി.ബി.ഐ. പ്രത്യേക കോടതിയുടെ പക്കലായിരുന്നു. ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ (എൻ.സി.എൽ.ടി.)ഉത്തരവ് പ്രകാരം വായ്പബാധ്യത തീർക്കുന്നതിനുള്ള നടപടികൾക്കായി നിയമിക്കപ്പെട്ട ലിക്വിഡേറ്റർ പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടമായതായി കണ്ടെത്തിയത്.

കാണാതായ സ്വർണം കണ്ടുപിടിച്ച് നൽകാൻ സി.ബി.ഐ.യ്ക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ലിക്വിഡേറ്റർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. ഹർജി പരിഗണിച്ച ജസ്റ്റിസ് പി.എൻ. പ്രകാശ് തമിഴ്‌നാട് സർക്കാരിന് കീഴിലുള്ള സി.ബി.-സി.ഐ.ഡി. ഇതേക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടു.

മിനറൽസ് ആൻഡ് മെറ്റൽസ് ട്രേഡിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അധികൃതർ സ്വർണം ഇറക്കുമതികൾക്ക് സുരാന കോർപ്പറേഷന് വഴിവിട്ട സഹായങ്ങൾ ചെയ്തു നൽകുന്നുവെന്ന ആരോപണത്തെത്തുടർന്നാണ് സി.ബി.ഐ. അന്വേഷണം ആരംഭിച്ചത്. 2012-ൽ നടത്തിയ റെയ്ഡിൽ 400.5 കിലോ സ്വർണം പിടിച്ചെടുക്കുകയായിരുന്നു.

പിടിച്ചെടുത്ത സ്വർണവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നിട്ടില്ലെന്ന് സി.ബി.ഐ. തന്നെ കണ്ടെത്തിയെങ്കിലും വിദേശ വ്യാപാരനയം ലംഘിച്ചുവെന്ന് പേരിൽ സുരാന കോർപ്പറേഷനെതിരേ പുതിയ കേസെടുത്തിരുന്നു. വായ്പ കുടിശ്ശിക ഇനത്തിൽ ലഭിക്കാനുള്ള 1160 കോടി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി സ്വർണം വിട്ടുനൽകുന്നതിനായി എസ്.ബി.ഐ. ആദ്യം കോടതിയെയും പിന്നീട് എൻ.സി.എൽ.ടി. യെയും സമീപിക്കുകയായിരുന്നു. സ്വർണം ലിക്വിഡേറ്റർക്ക് കൈമാറാൻ എൻ.സി.എൽ.ടി. കഴിഞ്ഞവർഷം ഡിസംബറിൽ ഉത്തരവിട്ടു.

സി.ബി.ഐ. അധികൃതരുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിലാണ് 103.86 കിലോ സ്വർണം നഷ്ടമായത് തെളിഞ്ഞത്.

സ്വർണം പിടിച്ചെടുത്തപ്പോൾ ഒന്നിച്ചാണ് തൂക്കി നോക്കിയതെന്നും ഇപ്പോൾ ഒരോന്നായി തൂക്കിയപ്പോഴാണ് വ്യത്യാസം കണ്ടെത്തിയതെന്നുമായിരുന്നു സി.ബി.ഐ.യുടെ വിശദീകരണം. ഇതിനെ രൂക്ഷമായി വിമർശിച്ച കോടതി 100 കിലോയുടെ വ്യത്യാസം എങ്ങനെയുണ്ടാകുമെന്നും ചോദിച്ചു. ഒരു സംസ്ഥാന സർക്കാരിന് കീഴിലുള്ള ഏജൻസി അന്വേഷണം നടത്തുന്നത് കേന്ദ്ര സർക്കാർ എജൻജിയായ സി.ബി.ഐ.യുടെ അന്തസ്സിന് ചേർന്നതല്ലെന്ന് പറഞ്ഞ് സി.ബി.-സി.ഐ.ഡി. അന്വേഷണത്തെ സി.ബി.ഐ. എതിർത്തതിനെയും കോടതി വിമർശിച്ചു. സി.ബി.ഐ.ക്ക്‌ കൊമ്പുണ്ടെന്നും ലോക്കൽ പോലീസിന് വാല് മാത്രമേയുള്ളൂവെന്നും കരുതാൻ സാധിക്കില്ലെന്ന് പറഞ്ഞ ജസ്റ്റിസ് പ്രകാശ് ആറു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ഉത്തരവിട്ടു.