ബെംഗളൂരു: അഴിമതിക്കേസിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും മുൻ മന്ത്രിയുമായ ഡി.കെ. ശിവകുമാറിന്റെ വീട്ടിലും ഓഫീസിലും സി.ബി.ഐ. റെയ്ഡ് നടത്തി. സഹോദരനും എം.പി.യുമായ ഡി.കെ. സുരേഷ്, ബന്ധുക്കൾ, ബിസിനസ് പങ്കാളികൾ എന്നിവരുടെ വീടുകളിലും ഓഫീസുകളിലും അടക്കം 14 ഇടങ്ങളിൽ നടന്ന റെയ്ഡിൽ 57 ലക്ഷം രൂപയും സ്വത്ത് സംബന്ധിച്ച രേഖകളും പിടിച്ചെടുത്തു.

ബെംഗളൂരുവിൽ ഒമ്പതിടങ്ങളിലും ഡൽഹിയിൽ നാലിടങ്ങളിലും മുംബൈയിൽ ഒരിടത്തുമാണ് ഒരേസമയം റെയ്ഡ് നടന്നത്. ശിവകുമാറും കുടുംബാംഗങ്ങളും 74.93 കോടി രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് സി.ബി.ഐ. കേസെടുത്തത്. സി.ബി.ഐ. പ്രത്യേക കോടതിയുടെ വാറന്റുമായി തിങ്കളാഴ്ച രാവിലെ ആറിനാണ് ഉദ്യോഗസ്ഥരെത്തിയത്. ശിവകുമാറിന്റെ സദാശിവ നഗറിലെ വീടിനുമുന്നിൽ വിവരമറിഞ്ഞ് അനുയായികളും തടിച്ചുകൂടിയിരുന്നു. സി.ബി.ഐ. സൂപ്രണ്ട് തോംസൺ ജോസിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. സുരക്ഷയ്ക്കായി വൻ പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അഴിമതിക്കും അനധികൃത സ്വത്ത് സമ്പാദനത്തിനും കേസെടുത്തത്. മന്ത്രിയായിരിക്കേ, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് പരാതി.

ശിവകുമാറും ബന്ധുവും എച്ച്.എ.എൽ. ചീഫ് മാനേജരുമായ ശശികുമാറും തമ്മിൽ ബിനാമി ഇടപാട് നടന്നതായാണ് കണ്ടെത്തൽ. കേന്ദ്ര സർക്കാർ ജീവനക്കാരനായ തനിക്കെതിരേ സി.ബി.ഐ. അന്വേഷണത്തിന് അനുമതി നൽകാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് കാണിച്ച് ശശികുമാർ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു.

ശിവകുമാറിനുവേണ്ടി നടന്ന ബിനാമി സ്വത്ത് ഇടപാടിൽ ശശികുമാർ പങ്കാളിയായെന്ന് ഇ.ഡി. 2019-ൽ സി.ബി.ഐ.ക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് സി.ബി.ഐ. നടത്തിയ അന്വേഷണത്തിൽ സ്വത്ത് ഇടപാടിൽ സർക്കാർ ഉദ്യോഗസ്ഥരടക്കം പലരും പങ്കാളികളായതായി കണ്ടെത്തി. ഇതുസംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കുകയും ചെയ്തു. തുടർന്ന് കഴിഞ്ഞവർഷം സെപ്റ്റംബർ 25-ന് കേസിൽ തുടർനടപടിക്ക് അഡ്വക്കേറ്റ് ജനറൽ സി.ബി.ഐ.ക്ക് അനുമതി നൽകി. ബെംഗളൂരു, രാമനഗര എന്നിവിടങ്ങളിലായി കള്ളപ്പണം ഉപയോഗിച്ച് ബിനാമികളുടെ പേരിൽ സ്വത്ത് ഇടപാട് നടന്നതായാണ് കണ്ടെത്തിയത്.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനിടെ നടന്ന റെയ്ഡിനെതിരേ കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.