ന്യൂഡൽഹി: ലൈഫ് മിഷൻ കേസിലെ സി.ബി.ഐ. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സംസ്ഥാനസർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു. സി.ബി.ഐ. അന്വേഷണം സ്റ്റേചെയ്യണമെന്ന ഇടക്കാല അപേക്ഷയിലും നോട്ടീസുണ്ട്. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ കേന്ദ്രത്തിന്റെയും സി.ബി.ഐ.യുടെയും മറുപടി തേടിയത്. കേസ് നാലാഴ്ചയ്ക്കുശേഷം പരിഗണിക്കും.
വിദേശസംഭാവനനിയന്ത്രണനിയമപ്രകാരം (എഫ്.സി.ആർ.എ.) സർക്കാർപദ്ധതികൾക്ക് വിദേശഫണ്ട് സ്വീകരിക്കുന്നതിന് തടസ്സമില്ലെന്ന് ലൈഫ് മിഷൻ സി.ഇ.ഒ.യ്ക്കുവേണ്ടി അഭിഭാഷകൻ കെ.വി. വിശ്വനാഥൻ വാദിച്ചു. നിർമാണജോലികൾ ചെയ്യുന്ന സ്വകാര്യ കരാറുകാർക്കാണ് സംഭാവന ലഭിച്ചതെന്നും യു.എ.ഇ. റെഡ് ക്രസന്റിൽനിന്ന് ലൈഫ് മിഷൻ സി.ഇ.ഒ. ഫണ്ട് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കേസിൽ സി.ബി.ഐ. ഇടപെടുന്നത് ഫെഡറലിസത്തിന്റെ അന്തസ്സത്തയ്ക്കെതിരാണ്. സി.ബി.ഐ. അന്വേഷണത്തിന് സംസ്ഥാനസർക്കാരിന്റെ അനുമതിയോ ഹൈക്കോടതിയുടെ ഉത്തരവോ ആവശ്യമാണ്. അടിസ്ഥാനരഹിതമായ ആരോപണത്തിന്റെ പേരിൽ രാഷ്ട്രീയപ്രേരിതമായ അന്വേഷണമാണ് ഉദ്ദേശിക്കുന്നത്. അഴിമതിയുണ്ടെങ്കിൽ വിജിലൻസ് അന്വേഷിക്കും. വഞ്ചനയുണ്ടെങ്കിൽ പോലീസ് അന്വേഷിക്കും. അതുകൊണ്ടുതന്നെ സി.ബി.ഐ. ഇടപെടേണ്ട വിഷയമില്ലെന്നും കെ.വി. വിശ്വനാഥൻ വാദിച്ചു.
സി.ബി.ഐ. അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരേയാണ് ലൈഫ് മിഷൻ സി.ഇ.ഒ. അപ്പീൽ നൽകിയത്.
content highlights: cbi enquiry in life mission: supreme court sent notice to central government